സ്വർണ്ണക്കൊള്ള നടന്നതിന് സ്ഥിരീകരണം; പോറ്റി തിരികെ വച്ച സ്വർണ്ണത്തിൽ വലിയ തോതിൽ കുറവ്; വിഎസ്എസ്സിയുടെ ശാസ്ത്രീയ പരിശോധനാഫലം

insight kerala

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാനമായ കണ്ടെത്തലാണ് ഉണ്ടായിരിക്കുന്നത്. അന്വേഷണത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാവുന്ന ഈ കണ്ടെത്തൽ നാളെ ഹൈക്കോടതിയിൽ അന്വേഷണസംഘം സമർപ്പിക്കും. 1998-ൽ ദ്വാരപാലകശില്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ ഭാരവും നിലവിലെ ഭാരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് വിഎസ്എസിയുടെ ശാസ്ത്രീയ പരിശോധന ഫലത്തിൽ തെളിഞ്ഞിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിലാണ് സ്വർണം കുറവ് വന്നതായി കണ്ടെത്തിയിരിക്കുന്നത്. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. 15 സാമ്പിളുകളിലാണ് ശാസ്ത്രീയ പരിശോധന നടത്തിയത്. ചെമ്പു പാളികളിലെ സ്വർണത്തിന്റെ അളവ് കാലപ്പഴക്കവും തിട്ടപ്പെടുത്തി. നിരവധി ചോദ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന റിപ്പോർട്ടാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. നിലവിൽ ശബരിമലയിലുള്ളത് പഴയ സ്വർണമല്ലെങ്കിൽ അത് എവിടെപ്പോയി എന്നതും ഇപ്പോൾ വെച്ചിട്ടുള്ളത് പുതിയ സ്വർണമാണോ എന്നതും കണ്ടെത്തണം. അന്താരാഷ്ട്ര പുരാവസ്തു മാഫിയ ഇതിന് പിന്നിൽ ഉണ്ടോ എന്നതുൾപ്പെടെ പല സംശയങ്ങളും ഉയരുന്നുണ്ട്. അതേസമയം അന്വേഷണസംഘത്തെ പ്രതിരോധത്തിലാക്കുന്ന പല കാര്യങ്ങളും ഈ റിപ്പോർട്ടോടുകൂടി ഉയർന്നുവരികയാണ്. തന്ത്രിയടക്കം പല ഉന്നതരേയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെങ്കിലും കാണാതായി സ്വർണം എവിടെയെന്ന് എസ്ഐടിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതിക്ക് മുന്നിലുണ്ട്. എസ്ഐടിയുടെ അന്വേഷണത്തിൽ പരിമിതികളുണ്ടോ എന്നതും മറ്റു ഏജൻസിയെ ഏൽപ്പിക്കണമോ എന്നതും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പെടെയുള്ള റിപ്പോർട്ട് നാളെ കോടതിക്ക് മുന്നിലെത്തുമ്പോൾ എസ് ഐ ടി യുടെ അന്വേഷണത്തിന്റെ ഭാവി കൂടി തീരുമാനിക്കപ്പെടും.

Share This Article