സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു

insight kerala

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഒടുവിൽ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിൽ നിന്നാണ് രാജേന്ദ്രൻ  അംഗത്വം സ്വീകരിച്ചത്.  . കഴിഞ്ഞ കുറച്ചു നാളുകളായി എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഒരു മാസത്തോളമായി ബിജെപി നേതൃത്വവുമായി സജീവ ചർച്ചയിലായിരുന്നു രാജേന്ദ്രൻ. നേരത്തെ തിരുവനന്തപുരത്ത് എത്തി രാജീവ്‌ ചന്ദ്രശേഖറുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ബിജെപിയിൽ ചേരുന്നതിന് പ്രത്യേക നിബന്ധനകൾ വച്ചിട്ടില്ല എന്നാാണ് രാജേന്ദ്രൻ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മത്സരിക്കാൻ ആഗ്രഹം ഇല്ലെന്നുമാണ് പ്രതികരണം. ഹൈറേഞ്ചിലെ പ്രശ്നങ്ങൾ തീർക്കാൻ ഇടപെടുമെന്ന് ബിജെപി അധ്യക്ഷനിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. താനാരെയും ഒപ്പം ക്ഷണിച്ചിട്ടില്ല എന്നും രാജേന്ദ്രൻ പറഞ്ഞു. സിപിഎമ്മുമായി കഴിഞ്ഞ നാല് വർഷമായി അകന്നു കഴിയുകയാണ് രാജേന്ദ്രൻ. 15 വർഷം തുടർച്ചയായി സിപിഎമ്മിന്റെ എംഎൽഎയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് രാജേന്ദ്രനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്കായി രാജേന്ദ്രൻ വോട്ട് അഭ്യർത്ഥിച്ചത് വാർത്തയായിരുന്നു.

ഇടുക്കിയിൽ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥൻ, സിപിഎം പ്രവർത്തകൻ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചു

Share This Article