നായർ – ഈഴവ ഐക്യത്തിന് പിന്നിൽ സിപിഎമ്മോ ? കോൺഗ്രസിലെ സതീശൻ വിരുദ്ധ ചേരിയോ ?

insight kerala

നിയമസഭാ തിരഞ്ഞെടുപ്പിന് നാളുകൾ ബാക്കിനിൽക്കെ സംസ്ഥാനത്തെ രണ്ട് പ്രമുഖ സാമുദായിക നേതാക്കൾ ഒരേസമയം വാർത്താസമ്മേളനം നടത്തി ഐക്യത്തിന്റെ പ്രാധാന്യം പ്രഖ്യാപിക്കുന്നത് തികച്ചും ആകസ്മികമെന്ന് കരുതാനാവില്ല. സിപിഎമ്മിന്റെ കൃത്യമായ രാഷ്ട്രീയ നീക്കം എൻഎസ്എസ്-എസ്എൻഡിപി കൂട്ടുകെട്ടിന് പിന്നിലുണ്ടെന്ന സൂചനകൾ നേരത്തെ വന്നിരുന്നു. വെള്ളാപ്പള്ളിയുടെ വാർത്ത സമ്മേളനങ്ങൾ പതിവ് കാഴ്ചയാണെങ്കിലും വർഷത്തിലൊരിക്കൽ പോലും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത സുകുമാരൻ നായർ ഇപ്പോൾ എടുത്ത നിലപാടിലെ രാഷ്ട്രീയവും വ്യക്തമാണ്.
പ്രതിപക്ഷ നേതാവിനെ ഒരുപോലെ ആക്രമിക്കുമ്പോൾ മറുഭാഗത്ത് മുഖ്യമന്ത്രിയെ പുകഴ്ത്തുകയാണ് ഇരുവരും. സമുദായിക നേതാക്കളുടെ തിണ്ണ ഞെരങ്ങാനില്ല എന്ന് പറഞ്ഞ സതീശൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എൻഎസ്എസ് സംസ്ഥാനത്ത് ഒന്നര മണിക്കൂർ കാത്തു നിന്നുവെന്നും ഇപ്പോൾ സിനഡിൽ പോയത് സഭയുടെ തിണ്ണ ഞെരങ്ങാനെന്നും ചൂണിക്കാട്ടി പരിഹസിക്കുകയാണ് സുകുമാരൻ നായർ. അതേസമയം കോൺഗ്രസിൽ രമേശ് ചെന്നിത്തല അല്ലാതെ മറ്റൊരു ജനകീയ നേതാവുമില്ല എന്ന് അടിവരയിട്ട് പറയുന്ന സുകുമാരൻ നായർ ലക്ഷ്യമിടുന്നത് എന്തെന്നും വ്യക്തം. വെള്ളാപ്പള്ളിയെ ചൂണ്ടിക്കാട്ടി വർഗീയതക്കെതിരെ തുറന്നടിക്കുന്ന വി ഡി സതീശനെതിരെ പൊടുന്നനെ സുകുമാരൻ നായർ പ്രത്യക്ഷപ്പെടുന്നത് ആർക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് എന്ന ചോദ്യം ഉയരുന്നു. സിപിഎമ്മിന്റെ തന്ത്രത്തിനൊപ്പം കോൺഗ്രസിനുള്ളിലെ സതീശൻ വിരുദ്ധ ചേരിയും എൻഎസ്എസ്- എസ്എൻഡിപി ഐക്യത്തിന് പിന്നിലുണ്ടെന്ന സംശയങ്ങളും ഉയരുകയാണ്. അതേസമയം വ്യക്തിപരമായി പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ചിട്ടും ഒരൊറ്റ കോൺഗ്രസ് നേതാക്കൾപോലും പ്രതിരോധിക്കാൻ വന്നില്ല എന്നത് ശ്രദ്ധേയമാണ്. വർഗീയതക്കെതിരെ പോരാടുമെന്ന് പറയുന്നതിനപ്പുറം സതീശനെതിരായ ആക്രമണത്തെ ചെറുക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. അതേസമയം, ഭൂരിപക്ഷ സാമുദായിക ഐക്യമുണ്ടാകുമ്പോൾ മറുഭാഗത്ത് ന്യൂനപക്ഷ ഏകീകരണം സതീശന് അനുകൂലമാകുമോ എന്നാണ് അറിയേണ്ടത്.

Share This Article