നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നണികൾ അങ്കത്തട്ടിൽ ഇറങ്ങുമ്പോഴാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടന്നാക്രമിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും എൻഎസ്എസ് ജനറൽ സെക്രട്ടറിയും ഒരുമിച്ചെത്തുന്നത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിച്ച കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയ മുഖ്യമന്ത്രിയുടെ നടപടിയെ വി ഡി സതീശൻ പരോക്ഷമായി വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം. ഇതിനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ പ്രതിപക്ഷ നേതാവിനെ അതിരൂക്ഷമായി വിമർശിച്ചത്. ഇന്നലെ പൂത്ത തകരയാണ് വിഡി സതീശനെന്ന് അദ്ദേഹം പറഞ്ഞു. താൻ വർഗീയ വാദിയാണെന്ന് രമേശ് ചെന്നിത്തലയോ വേണുഗോപാലോ എ കെ ആന്റണിയോ പറയട്ടെ. അപ്പോൾ അംഗീകരിക്കാം. കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. താൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. തന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി ഡി സതീശൻ ആണ് വർഗീയവാദിയെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.
വി.ഡി.സതീശനെതിരെ വെള്ളാപ്പള്ളിക്ക് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് എന്‍എസ്എസിന്‍റെ ആസ്ഥാനത്ത് ഒന്നര മണിക്കൂറാണ് വി.ഡി.സതീശന്‍ വന്നിരുന്നതെന്നും എന്നിട്ട് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്നതിന്‍റെ കാര്യമെന്താണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ക്നാനായ സഭയുടെ തിരുമേനിയെ കാണാന്‍ പോയതെന്തിനാണ്? സതീശന്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അയാളൊരു നേതാവാണോ, പറഞ്ഞിടത്ത് നില്‍ക്കണ്ടേ’യെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. ഇങ്ങനെ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് അടി കിട്ടുമെന്നും സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ‘കോണ്‍ഗ്രസിന്‍റെ നയം പറയാന്‍ ആരാണ് സതീശനെ അധികാരപ്പെടുത്തിയത്. കോണ്‍ഗ്രസിന് പ്രസിഡന്‍റില്ലേ? അദ്ദേഹത്തെ നോക്കുകുത്തിയാക്കി. സതീശനാണ് ഇൗ ശത്രുക്കളെയെല്ലാം ഉണ്ടാക്കുന്നത്. എല്ലാ സമുദായങ്ങളേയും ആക്ഷേപിച്ചത് സതീശന്‍ മാത്രമാണ്. ചെന്നിത്തലയ്ക്കുള്ള യോഗ്യത കോണ്‍ഗ്രസില്‍ ആര്‍ക്കുണ്ടെ’ന്നും സുകുമാരന്‍ നായര്‍ ചോദ്യമുയര്‍ത്തുന്നു. കോൺഗ്രസിൽ രമേശ് ചെന്നിത്തല മാത്രമാണ് ഇപ്പോൾ എല്ലാവരും അംഗീകരിക്കുന്ന നേതാവ് എന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
