ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്‌സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം വിഎസ്എസ്‍സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയിരുന്നു. ഈ റിപ്പോർട്ടാണ് ഇന്ന് കോടതി എസ്ഐടിക്ക് കൈമാറുന്നത്. സ്വർണപാളികൾ മാറ്റിയോ എന്നതും ശബരിമലയിൽ ഇപ്പോഴുള്ളത് പഴയപാളികളാണോ പുതിയ പാളികളാണോ എന്നതും പാളികളിലെ സ്വർണത്തിന്റെ അളവും നിർണയിക്കുന്ന പരിശോധനയാണ് നിലവിൽ നടത്തിയിട്ടുള്ളത്.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധരുടെ സഹായത്തോടെയാണ് ശബരിമല ക്ഷേത്രത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. യുബി ഗ്രൂപ്പ് 1998ൽ പൊതിഞ്ഞ സ്വർണം തന്നെയാണോ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തത്, ദ്വാരപാലക ശില്പങ്ങളിലും കട്ടിളയിലും ഇപ്പോൾ പൊതിഞ്ഞിട്ടുള്ള സ്വർണവും യുബി ഗ്രൂപ്പ് പൊതിഞ്ഞ സ്വർണവും തമ്മിൽ വ്യത്യാസമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.
17 സാമ്പിളുകളാണ് പരിശോധിച്ചത്. നഷ്ടപ്പെട്ട സ്വർണത്തിന്റെ മൂല്യം, പുരാവസ്തു മൂല്യം തുടങ്ങിയ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് കോടതിക്കു കൈമാറിയത്. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
