തന്ത്രി കണ്ഠരര് രാജീവരർക്ക് വാജി വാഹനം കൈമാറിയത് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ. ശബരിമലയിലെ മുഴുവൻ വസ്തുക്കളും ക്ഷേത്രത്തിൻറെ സ്വത്തുക്കളായി സംരക്ഷിക്കണമെന്ന് 2012ൽ ദേവസ്വം ബോർഡ് സുപ്രധാന ഉത്തരവ് ഇറക്കിയിരുന്നു. എൻ വാസു കമ്മീഷണർ ആയിരുന്ന കാലത്താണ് ഉത്തരവിറക്കിയത്. ആ ഉത്തരവ് നിലനിൽക്കെയാണ് 2017ൽ തന്ത്രിക്ക് വാജി വാഹനം കൈമാറിയത്. ഇതിൻ്റെ പേരിൽ യുഡിഎഫ് ഭരണസമിതിയും കുരുക്കിലാകുന്നു.
2017 ഫെബ്രുവരിയിലായിരുന്നു വാജി വാഹനം കണ്ഠരര് രാജീവരര്‍ക്ക് കൈമാറിയത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗം അജയ് തറയിലും ചേര്‍ന്നായിരുന്നു വാജി വാഹനം കൈമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതില്‍ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ചേര്‍ന്ന് വാജി വാഹനം തന്ത്രിക്ക് കൈമാറുന്നത് വ്യക്തമാണ്. വാജി വാഹനം ലോഹമാണെങ്കില്‍ ആചാര്യന് കൈമാറണമെന്നാണ് താന്ത്രിക വിധിയില്‍ പറയുന്നതെന്നും അത് മനസിലാക്കിയാണ് തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് വാജി വാഹനം കൈാമറിയതെന്നുമായിരുന്നു അജയ് തറയില്‍ നല്കിയ വിശദീകരണം. വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും അജയ് തറയില്‍ പറഞ്ഞിരുന്നു.
2017ല്‍ പിണറായി സര്‍ക്കാരായിരുന്നു അധികാരത്തിലെങ്കിലും പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അജയ് തറയില്‍ ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്നു. ഇവരുടെ കാലാവധി 2017 നവംബറിലായിരുന്നു അവസാനിച്ചത്. കൊടിമരത്തിന്റെ അടിഭാഗം ദ്രവിച്ചെന്ന് പറഞ്ഞായിരുന്നു 2017 ഫെബ്രുവരിയില്‍ കൊടിമരം മാറ്റി സ്ഥാപിച്ചത്. ഇതിനിടെയായിരുന്നു വാജി വാഹനം തന്ത്രിക്ക് കൈമാറിയത്.

