
കാസർകോട്: രംഗം ബംഗളൂരുവിലെ തൈക്വോണ്ടോ ദേശീയ ചാമ്പ്യൻഷിപ്പ് വേദി. രാജ്യമൊട്ടുക്കുള്ള താരങ്ങൾ മാറ്റുരക്കുന്ന മത്സരം. സ്പീഡ് കിക്ക് ഇനത്തിൽ ഒരു ഏഴു വയസുകാരൻ കടന്നുവരുന്നു. മത്സരം തുടങ്ങിയതോടെ ആ രണ്ടാം ക്ലാസുകാരൻ തന്റെ സ്വതസിദ്ധ ഫോമിൽ – ഫലം പ്രഖ്യാപിക്കുമ്പോൾ 30 സെക്കന്റിനകം 78 കിക്ക് നേടിയ കേരളത്തിന്റെ ശിവാങ്ക് ശൈലേഷിന് സ്വർണമെഡൽ. പരിശീലന കാലയളവ് കൂടി പ്രഖ്യാപിച്ചപ്പോഴാണ് കാണികളും മറ്റു താരങ്ങളും അത്ഭുതപരതന്ത്രരായത് – കേവലം ഒരു വർഷം.പിന്നാലെ നടന്ന സ്പാരിംഗ് ഇനത്തിലും ശിവാങ്കിന് തന്നെ സ്വർണ മെഡൽ. കർണാടകത്തിന്റെ താരത്തെ അട്ടിമറിച്ചാണ് ഈയിനത്തിൽ സുവർണ നേട്ടം കൈവരിച്ചത്.ഇക്കഴിഞ്ഞ 10, 11 തീയതികളിൽ ബംഗളൂരുവിൽ നടന്ന വിഫ കപ്പ് നാഷണൽ ഓപ്പൺ തൈക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ഇരട്ട സ്വർണം നേടിയ ശിവാങ്ക് ശൈലേഷ് കാസർകോട് ജില്ലയിലെ പിലിക്കോട് സ്വദേശിയാണ്. കൃതമായ ഏകാഗ്രതയും വ്യക്തമായ ലക്ഷ്യബോധവും കുഞ്ഞു പ്രായത്തിൽ തന്നെ പ്രകടിപ്പിക്കുന്ന ശിവാങ്ക് രണ്ട് മാസം മുമ്പ് തൃശൂരിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും സ്വർണ മെഡൽ നേടി. ഒരു വർഷം മുമ്പ് തൈക്വോണ്ടയിൽ പരിശീലനം ആരംഭിച്ച ഈ മിടുക്കൻ യെല്ലോ ബെൽറ്റ് നേടിയിട്ടുണ്ട്. ഇതിനു പുറമെ സ്കൂൾ കായിക മേളയിലെ മത്സര ഇനങ്ങളായ ജൂഡോ, വുഷു എന്നിവയിൽ കാസർകോട് ജില്ലാ ചാമ്പ്യൻ കൂടിയാണ്.ചെറുവത്തൂരിലെ ഗ്രാന്റ്മാസ്റ്റർ മാർഷ്യൽ ആർട്സ് അക്കാദമിയിൽ അനിൽ മാസ്റ്ററുടെ കീഴിലാണ് പരിശീലനം. ആഴ്ചയിൽ മൂന്നുതവണ പരിശീലനം നടത്തുന്ന ശിവാങ്ക് കുഞ്ഞു പ്രായത്തിൽ തന്നെ മികച്ച നിലവാരം കാഴ്ച വെക്കുന്നതായി തൈക്വോണ്ടയിൽ 8th ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ അനിൽ മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. ജില്ലാ – സംസ്ഥാന – ദേശീയ മത്സരങ്ങൾക്കായി നിരന്തര പരിശീലനം നൽകുന്നതിനൊപ്പം പ്രത്യേക ക്യാമ്പും അനിൽ മാസ്റ്റർ സംഘടിപ്പിച്ചിരുന്നു.ബംഗളൂരുവിലെ മത്സര വേദിയിൽ നിലയ്ക്കാത്ത കരഘോഷങ്ങൾക്കിടെ കുഞ്ഞ് ശിവാങ്ക് രണ്ട് സ്വർണ മെഡൽ തന്റെ കഴുത്തിലണിയുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ മാതാപിതാക്കളായ ശൈലേഷും അഖിലയും ഉണ്ടായിരുന്നു.പിലിക്കോട് കണ്ണങ്കെയിൽ താമസിക്കുന്ന ശൈലേഷ് പടന്നയിൽ വർക്ക് ഷോപ്പ് നടത്തുന്നു. അമ്മ അഖില അധ്യാപിക. ഒരു വയസുകാരൻ കേദാർ ശൈലേഷ് സഹോദരൻ.പിലിക്കോട് ജി യു പി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ശിവാങ്ക് കണ്ണങ്കെ റെഡ് സ്റ്റാർ ക്ലബിന്റെ ബാലവേദി അംഗം കൂടിയാണ്. ഭാവിയിൽ ഒരു ഇന്റർനാഷണൽ മെഡലാണ് ശിവാങ്കിന്റെ ലക്ഷ്യം. അതിനായുള്ള മുന്നൊരുക്ക പരിശീലനം അനിൽ മാസ്റ്ററും വിഭാവനം ചെയ്യുന്നു. കുഞ്ഞു പ്രായത്തിൽ തന്നെ പ്രതിഭകളെ വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാർ പരിഗണന നൽകുകയാണെങ്കിൽ അത് താരങ്ങൾക്ക് വലിയ പിന്തുണയാകും.
