
ശബരിമല: ഇത്തവണ തീർഥാടന കാലത്ത് ശബരിമലയിൽ 13679 ഡപ്പ ആടിയ ശിഷ്ടം നെയ്യ് വിറ്റഴിച്ച തുക ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടക്കാതെ ഉദ്യോഗസ്ഥർ. ഈയിനത്തിൽ മാത്രം 13 ലക്ഷത്തിലേറെ രൂപയാണ് ചില ദേവസ്വം ബോർഡ് ജീവനക്കാർ സ്വന്തം പോക്കറ്റിലാക്കിയത്. ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസ് അന്വേഷണം തുടങ്ങി. ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ വഴിപാട് തുക യഥാസമയം ഔദ്യോഗിക അക്കൗണ്ടിൽ ഒടുക്കാതെ ചില ജീവനക്കാർ നടത്തുന്ന ലക്ഷങ്ങളുടെ ക്രമക്കേട് ” ഇൻസൈറ്റ് കേരള”യാണ് ആദ്യം പുറത്തു കൊണ്ടുവന്നത്.അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് അധികൃതർ വിശദമായ രേഖകൾ ശേഖരിച്ചുവരികയാണ്. സംഭവത്തിൽ ആടിയ ശിഷ്ടം നെയ്യ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. നെയ്യ് വിറ്റഴിക് തുക യഥാസമയം ബോർഡിൽ അടക്കുന്നതിൽ സുനിൽകുമാർ പോറ്റിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.അതിനിടെ, മണ്ഡല – മകരവിളക്ക് തീർഥാടനകാലത്ത് മാത്രം 36 ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി 36,24,000 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തിൽ ശാന്തിക്കാർ അടക്കം 33 ദേവസ്വം ബോർഡ് ജീവനക്കാർക്കെതിരെ കേസെടുത്തു. നെയ്യ് വിൽപ്പന നടത്തിയ വകയിൽ ചില ഉദ്യോഗസ്ഥർ 13 ലക്ഷം രൂപ മുക്കിയ സംഭവത്തെ തുടർന്ന് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ വെട്ടിപ്പ് പുറത്തുവന്നത്. സംഭവത്തിൽ സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും ഉൾപ്പെടെ 4 സ്ഥലങ്ങളിൽ വിജിലൻസ് ഒരേസമയം പരിശോധന നടത്തി. ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസ് കേസെടുത്തത്. എസ്പി നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന നെയ്യാണ് ‘ആടിയ ശിഷ്ടം നെയ്യ്’. വളരെ പരിപാവനമായാണ് തീർഥാടകർ ഇതിനെ കണക്കാക്കുന്നത്.
