ഇടതിൽ ഉറച്ചുനിൽക്കും; 13 സീറ്റ് ആവശ്യപ്പെടാൻ ജോസ് കെ മാണി

insight kerala

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കാൻ കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ തീരുമാനം. കോട്ടയത്ത് ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഏറ്റവും നിർണായകമായ തീരുമാനമെടുത്തത്. യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകം ആണെന്നും ഒരിക്കലും തുറക്കാത്ത പുസ്തകത്തെ കുറിച്ച് എന്തിനാണ് ചർച്ച എന്ന് ആരെങ്കിലും തുറന്നിട്ടുണ്ടെങ്കിൽ വായിച്ചിട്ട് അടക്കുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ആയിരുന്നു യോഗം. നിയമസഭ തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ ആവശ്യപ്പെടാൻ തീരുമാനിച്ചതായി ജോസ് കെ മാണി അറിയിച്ചു. കേരള കോൺഗ്രസിനെ യു.ഡി.എഫ് ചവിട്ടിപ്പുറത്താക്കിയതാണെന്നും അവിടേക്ക് എങ്ങനെ തിരിച്ചുപോകുമെന്നും ജോസ് കെ. മാണി. ഇറക്കിവിട്ടപ്പോൾ ചേർത്തുപിടിച്ചത് പിണറായി വിജയൻ ആണ്. സോണിയ ഗാന്ധിയൊന്നും വിളിച്ചിട്ട്പോലുമില്ലാായിരുന്നു എന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോൺഗ്രസ് എവിടെയു​ണ്ടോ അവിടെ ഭരണമുണ്ട് എന്ന് പറഞ്ഞത് ഒരിക്കലും തെറ്റായി വ്യാഖ്യാനിക്കേണ്ട എന്നും അദ്ദേഹം വിശദീകരിച്ചു. എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് ഉദ്ദേശിച്ചത്. ശബരിമല വിഷയത്തിൽ സർക്കാർ ശരിയായ നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷത്തേക്കാൾ കൂടുതലായി ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാനും പരിഹാരം കാണാനും കേരള കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. വന്യമൃഗ ആക്രമണത്തിൽ നിന്ന് രക്ഷ തേടാനായി മൃഗങ്ങളെ വെടിവെച്ചുകൊല്ലണമെന്ന് പറഞ്ഞത് കേരള കോൺഗ്രസാണ്. മുനമ്പം വിഷയം ആദ്യം സംസാരിച്ചതും തങ്ങളാണെന്നും ജോസ് കെ. മാണി പറഞ്ഞു.

Share This Article