ബീഹാറിൽ കോൺഗ്രസിന് തിരിച്ചടി; 6 എംഎൽഎമാരും എൻഡിഎയിലേക്ക് ?

insight kerala

ബീഹാറിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ആകെ ഉണ്ടായിരുന്ന ആറ് എംഎൽഎമാരും പാർട്ടി വിട്ട് ജെഡിയുവിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ട്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി എംഎൽഎമാർ ചർച്ച നടത്തിയതായി സൂചന. എംഎൽഎമാർ കൂറു മാറിയാൽ നിയമസഭയിൽ കോൺഗ്രസിന്റെ പ്രാതിനിധ്യം സംപൂജ്യമാകും. മകര സംക്രാന്തിയോടനുബന്ധിച്ച് കഴിഞ്ഞദിവസം പട്‌നയിലെ സദഖത്ത് ആശ്രമത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച ദഹി-ചുര വിരുന്നിൽനിന്ന് പാർട്ടി എം.എൽ.എമാർ വിട്ടുനിന്നതോടെ തന്നെ അഭ്യൂഹം ശക്തമായിരുന്നു. രണ്ടാഴ്ചയായി എംഎൽഎമാർ കോൺഗ്രസിന്‍റെ ഔദ്യോഗിക പരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. സംസ്ഥാനത്ത് ആർ.ജെ.ഡി നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിലെ പ്രധാന കക്ഷിയാണ് കോൺഗ്രസ് . 2025-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 243-ൽ 202 സീറ്റുകൾ എൻഡിഎ നേടിയിരുന്നു. ബിജെപി 89, ജെഡിയു 85 സീറ്റുകളായിരുന്നു നേടിയത്. മഹാസഖ്യമാകട്ടെ 35 സീറ്റുകളിൽ ഒതുങ്ങി. ഇതിൽ ആർജെഡി 25 സീറ്റുകൾ നേടി. 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. അതേസമയം, എംഎൽഎമാരെ എൻഡിഎ പാളയത്തിൽ എത്തിച്ച് സഖ്യത്തിൽ  ആധിപത്യം സ്ഥാപിക്കാനാണ് ജെഡിയു നീക്കമെന്നാണ് സൂചന.

Share This Article