എം എസ് സനിൽ കുമാർ
തിരുവനന്തപുരം: തലസ്ഥാന നഗരിയെ ലോകനിലവാരത്തിലാക്കാൻ കോടികൾ ഒഴുക്കി നടപ്പിലാക്കിയ ‘സ്മാർട്ട് സിറ്റി’ പദ്ധതി ഒരു പാവം സംരംഭകന്റെ ജീവിതം വഴിയാധാരമാക്കുന്നു. തൈക്കാട് പോസ്റ്റ് ഓഫീസിന് സമീപം ‘സിജീസ് പിസ സ്ട്രീറ്റ്’ നടത്തുന്ന സെയ്ദ് സലീം എന്ന വ്യാപാരിയാണ് അധികൃതരുടെ കെടുകാര്യസ്ഥതയുടെ ഇരയായി മാറിയിരിക്കുന്നത്. സ്മാർട്ട് റോഡിലെ ഡ്രെയിനേജ് തകരാർ മൂലം സ്ഥാപനം പൂട്ടേണ്ട അവസ്ഥയിലാണ് ഈ സംരംഭകൻ.
സ്മാർട്ട് റോഡ് ഒളിപ്പിച്ച ‘കെണി’
കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ സ്മാർട്ട് റോഡിലെ ഡ്രെയിനേജ് സംവിധാനം താറുമാറായി. സലീമിന്റെ സ്ഥാപനത്തിൽ നിന്നുള്ള മലിനജലം പുറത്തേക്ക് പോകാതെ കെട്ടിക്കിടക്കാൻ തുടങ്ങി. സ്വന്തം ചിലവിൽ പ്ലംബർമാരെ വിളിച്ച് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. ബ്ലോക്ക് ഇരിക്കുന്നത് സലീമിന്റെ പൈപ്പിലല്ല, മറിച്ച് കേരള റോഡ് ഫണ്ട് ബോർഡ് (KRFB) നിർമ്മിച്ച പ്രധാന ഡ്രെയിനേജ് പൈപ്പിലാണ്.
പരാതികൾ ചവറ്റുകുട്ടയിൽ; ഒടുവിൽ പൂട്ടാൻ നോട്ടീസ്!
തകരാർ കണ്ടെത്തിയ ഉടൻ തന്നെ സലീം ഊരാളുങ്കൽ സൊസൈറ്റിക്കും കെആർഎഫ്ബിക്കും പരാതി നൽകി. റോഡ് നിർമ്മാണത്തിലെ പിഴവായതിനാൽ ഇത് പരിഹരിക്കേണ്ട ബാധ്യത ബന്ധപ്പെട്ട വകുപ്പുകൾക്കാണ്. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും ഒരു ഉദ്യോഗസ്ഥൻ പോലും തിരിഞ്ഞുനോക്കിയില്ല. ഇതിനിടെയാണ് ‘എരിതീയിൽ എണ്ണയൊഴിക്കുന്ന’ നടപടിയുമായി നഗരസഭ എത്തിയത്. ഡ്രെയിനേജിലെ തകരാർ പരിഹരിക്കാൻ ഇടപെടുന്നതിന് പകരം, മലിനജലം പുറത്തേക്ക് ഒഴുകുന്നു എന്നാരോപിച്ച് സ്ഥാപനം അടച്ചുപൂട്ടാൻ ഹെൽത്ത് ഇൻസ്‌പെക്ടർ നോട്ടീസ് നൽകി.
വീഴ്ച്ച ഉദ്യോഗസ്ഥരുടേത്; ശിക്ഷ വ്യാപാരിക്ക്!
റോഡ് കുത്തിപ്പൊളിക്കാതെ തന്നെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുന്ന ‘സ്മാർട്ട്’ സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിച്ചതെന്ന് അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഒരു ചെറിയ ബ്ലോക്ക് മാറ്റാൻ പോലും കഴിയാത്ത രീതിയിലുള്ള അശാസ്ത്രീയ നിർമ്മാണമാണ് ഇവിടെ നടന്നതെന്ന് വ്യക്തമാകുന്നു.
“ഉദ്യോഗസ്ഥരുടെ പിഴവിന് ഞാൻ എന്തിനാണ് പിഴയൊടുക്കുന്നത്? എന്റെ സ്ഥാപനം പൂട്ടിച്ചാൽ ഞാൻ എങ്ങോട്ട് പോകും?” – സെയ്ദ് സലീം ചോദിക്കുന്നു.
സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും സ്മാർട്ട് റോഡ് പദ്ധതികൾ എത്രത്തോളം പൊള്ളയാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് തൈക്കാട് പോസ്റ്റ് ഓഫീസിന് സമീപമുള്ള ഈ കാഴ്ച. ഒരു സംരംഭകനെ സഹായിക്കുന്നതിന് പകരം വട്ടം കറക്കി പെരുവഴിയിലാക്കുന്ന അധികൃതരുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് വ്യാപാരികൾ.*

