ജനുവരി 23നാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. കോർപ്പറേഷൻ പിടിച്ചെടുത്തതിന്റെ ആവേശത്തിൽ കൂടുതൽ ഊർജ്ജവും കരുത്തും സംസ്ഥാനത്ത് ബിജെപിക്ക് നൽകുക എന്നതാണ് പ്രധാനമന്ത്രിയുടെ വരവിന്റെ ലക്ഷ്യം. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചാൽ നഗരത്തിന്റെ സമഗ്ര വികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം പാലിച്ചുകൊണ്ടാണ് പ്രധാനമന്ത്രി എത്തുന്നത്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര വികസന രേഖയായിരിക്കും നരേന്ദ്രമോദി പ്രഖ്യാപിക്കുക എന്നാണ് സൂചന. സെൻട്രൽ സ്റ്റേഡിയത്തിലോ പുത്തരിക്കണ്ടം മൈതാനത്തോ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടി ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനവും വികസന രേഖ പ്രഖ്യാപനവും എന്നത് ശ്രദ്ധേയമാണ്. നഗരസഭാ ഭരണം പിടിച്ചെടുത്ത മേൽക്കൈ നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിറുത്താനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായി കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വിലയിരുത്തുന്നത്.
