ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കും – ജോസ് കെ മാണി

insight kerala

അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് ജോസ് കെ മാണി മുന്നണി മാറ്റത്തിൽ വ്യക്തത വരുത്തി. ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കും. പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാന രഹിതം . ആരുമായും ചർച്ചകൾ ഒന്നും നടത്തിയില്ല. മാധ്യമങ്ങൾ ഓരോ വാർത്തകൾ സൃഷ്ടിക്കുകയാണ്. നിലവിൽ ഇടതുമുന്നണിയിൽ തന്നെ നിൽക്കും. കേരള കോൺഗ്രസ് മാണി വിഭാഗം ഏതു മുന്നണിയിലാണോ പോകുന്നത് ആ മുന്നണിക്ക് ഭരണം കിട്ടും. റോഷി അഗസ്റ്റിനുമായി യാതൊരു ഭിന്നതയുമില്ല. എല്ലാ ദിവസവും തമ്മിൽ ചർച്ച നടത്തിയാണ് റോഷി പ്രസ്താവനകൾ നടത്തുന്നത്. എല്ലാ കാര്യവും തന്റെ അറിയിക്കാറുണ്ടെന്നും ചർച്ച ചെയ്യാറുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി. വിദേശത്ത് ആയതുകൊണ്ട് മാത്രമാണ് ഇടതുമുന്നണിയുടെ സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കാൻ കഴിയാത്തത്. അതിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ല. യുഡിഎഫ് നേതാക്കളുമായി യാതൊരു ചർച്ചയും നടന്നിട്ടില്ല. സഭാ നേതൃത്വം രാഷ്ട്രീയത്തിൽ ഇടപെടാറില്ല. മാനുഷിക വിഷയങ്ങളിലാണ് സഭ ഇടപെടാറുള്ളത്. ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സഭയുടെ ആശങ്ക സർക്കാർ ഗൗരവത്തോടെ കാണുന്നു. അതിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ട്. സുപ്രീംകോടതിയിൽ സത്യവാങ്മൂലം സർക്കാർ നൽകും. കേരള കോൺഗ്രസിന് തങ്ങളോട് ചില കലിപ്പ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പാർട്ടിയിൽ എല്ലാ എംഎൽഎമാരും ഒറ്റക്കെട്ടാണ് . സിറ്റിംഗ് എംഎൽഎമാർ മത്സരിക്കണമോ മുൻ എംഎൽഎമാർ മത്സരിക്കണമോ എന്നതൊക്കെ പാർട്ടി തീരുമാനിക്കും. 16ന് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്ന് ജോസ് കെ മാണി അറിയിച്ചു. യുഡിഎഫിലേക്ക് ആണ് എന്ന വാർത്തകൾ പൂർണമായും തള്ളുകയാണ് നിലവിൽ ജോസ് കെ മാണി. ശബരിമലയും രാഹുൽ മങ്കൂട്ടവും വന്നപ്പോൾ വാർത്തകൾ വഴി തിരിച്ചുവിടാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് മുന്നണിമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ എന്നും ജോസ് ആരോപിച്ചു.

Share This Article