ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിലാണ് ആദ്യ തെളിവെടുപ്പ് നടന്നത്. ഹോട്ടലിലെ 408-ാം നമ്പർ മുറിയിൽ 15 മിനിറ്റോളം തെളിവെടുപ്പ് നടന്നു. ഹോട്ടലും മുറിയും രാഹുൽ തിരിച്ചറിഞ്ഞു. 408ആം നമ്പർ മുറിയിൽ എത്തിയിരുന്നതായി രാഹുൽ പൊലീസിനോടു സമ്മതിച്ചു. 2024 ഏപ്രിൽ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും സമ്മതിച്ചു. ഹോട്ടലിൽ മുറി ബുക്ക് ചെയ്തത് അതിജീവിതയുടെ പേരിലാണ്. അതേസമയം ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുൽ ബി.ആർ എന്നാണ്. ഇതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ യഥാർഥ പേര്. എന്നാൽ പീഡനത്തെ കുറിച്ചുള്ള പൊലീസിന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് രാഹുൽ ഒന്നും തന്നെ മിണ്ടിയില്ല.
തെളിവെടുപ്പിന് ശേഷം പൊലീസ് സംഘം രാഹുലുമായി എആർ ക്യാംപിലേക്ക് മടങ്ങി. നേരത്തേ രാഹുലിന്റെ അടൂരിലെ വീട്ടിലും തെളിവെടുപ്പിനു എത്തിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പൊലീസ് വാഹനത്തിലേക്കു കയറുന്നതിനു മുൻപായി എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ ചിരിച്ചുകൊണ്ട് രാഹുൽ വാഹനത്തിൽ കയറി.
രാഹുലുമായി പൊലീസ് തെളിവെടുപ്പ് നടത്തി
