ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. എ പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു ശങ്കരദാസ്. കേസിൽ പ്രതിയാക്കിയ നാൾ മുതൽ ആശുപത്രിയിലാണ് ശങ്കരദാസ്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ അന്വേഷണസംഘത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അച്ഛനാണ് കെ പി ശങ്കരദാസ് എന്ന കാര്യം പ്രത്യേക അന്വേഷണ സംഘത്തെ കോടതി ഓർമപ്പെടുത്തുകയും ചെയ്തിരുന്നു. ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയിൽ അബോധാവസ്ഥയിലാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത വിവരം കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചു. നാളെ റിമാൻഡ് ചെയ്യും. സ്വർണ്ണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തയച്ചതിൽ ശങ്കരദാസിന് പങ്കുണ്ടെന്നാണ് എസ് ഐ ടി യുടെ കണ്ടെത്തൽ. എ പത്മകുമാറിന്റെ മൊഴിയും ശങ്കരദാസിന് കുരുക്കായി.
