കേരള കോൺഗ്രസ് മാണി വിഭാഗം മുന്നണി വിടുമെന്ന അഭ്യൂഹം ശക്തമാകുമ്പോൾ സർക്കാരിൻ്റെ കൈത്താങ്ങ്. ആറുവർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്ക് ഇപ്പോഴാണ് ഭൂമി നൽകുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോൾ 2020-21 ബജറ്റിലാണ് കെഎം മാണി ഫൗണ്ടേഷന് ആറുകോടി രൂപ വകയിരുത്തിയത്. വർഷം ഇത്ര കഴിഞ്ഞിട്ടും ആ പദ്ധതിക്ക് നടപടി ഉണ്ടാകാത്തത് മാണി വിഭാഗം അതൃപ്തിയിൽ ആയിരുന്നു. എന്നാൽ ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന മന്ത്രിസഭാ യോഗത്തിലാണ് ഭൂമി നൽകാൻ തീരുമാനമായത്. തിരുവനന്തപുരത്ത് കവടിയാറിൽ 25 സെൻറ് സ്ഥലം നൽകും. 30 വർഷത്തേക്ക് പാട്ടത്തിലാണ് ഭൂമി നൽകുക. പ്രതിവർഷം 100 രൂപയാണ് വാടക. ഭൂമി ഉപ പാട്ടത്തിന് നൽകുകയോ വാടകയ്ക്ക് നൽകുകയോ ചെയ്യാൻ പാടില്ല എന്ന് ഉപാധിയുണ്ട്.
