കേന്ദ്രമന്ത്രി എൽ മുരുകന്റെ ഡൽഹിയിലെ വസതിയിൽ പൊങ്കൽ ആഘോഷങ്ങളിലും പൂജയിലുമാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പൊങ്കൽ എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. തമിഴ് സംസ്കാരം മുഴുവൻ ഭാരതത്തിന്റെയും പൊതുവായ പൈതൃകമാണ്. പൊങ്കൽ പോലുള്ള ഉത്സവങ്ങൾ ഏക ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കുന്നു. കർഷകരുടെ കഠിനാധ്വാനത്തിൻറെ ആഘോഷമാണ് പോങ്കൽ. ജീവൻ നിലനിർത്തുന്ന ഭൂമിയോടും സൂര്യനോടും നന്ദി പ്രകടമാക്കുന്ന ഉത്സവമാണിത്. പ്രകൃതിയും കുടുംബവും സമൂഹവും തമ്മിൽ സന്തുലിതമായ ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകത ഉത്സവം അടിവരയിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയുടെ, പ്രത്യേകിച്ച് തമിഴ് മക്കളുടെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന അതിപ്രധാനമായ ഒരു വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. പ്രകൃതിയോടും സൂര്യദേവനോടും കന്നുകാലികളോടുമുള്ള നന്ദി സൂചകമായി ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം കേവലം ഒരു ആഘോഷം മാത്രമല്ല, മറിച്ച് ആയിരക്കണക്കിന് വർഷത്തെ ചരിത്രപരമായ പ്രാധാന്യമുള്ള ഒരു ചടങ്ങാണ്. ഉഴവർ തിരുനാൾ എന്ന് വിളിക്കപ്പെടുന്ന പൊങ്കൽ, കാർഷിക സംസ്കൃതിയുടെ മകുടോദാഹരണമാണ്.
