സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ അരങ്ങുണരും. ജനുവരി 18 വരെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കലോത്സവം പൂരനഗരിയെ കലാ മാമാങ്കമാക്കി മാറ്റും. 25 വേദികളിലായാണ് കലോത്സവം നടക്കുന്നത്. 15000 ത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്നു. മുഖ്യമന്ത്രി കലോത്സവം ഉദ്ഘാടനം ചെയ്യും. പൂരപ്രൗഡിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും കുടമാറ്റവും നടക്കും. 64 മത് കലോത്സവത്തെ പ്രതിനിധീകരിച്ച് 64 കുട്ടികൾ കുടമാറ്റത്തിൽ പങ്കെടുക്കും. രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ബി കെ ഹരിനാരായണൻ രചിച്ച സ്വാഗത ഗാനം കുട്ടികൾ നൃത്തരൂപത്തിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ രാജൻ തുടങ്ങിയവർ പങ്കെടുക്കും.
