ബലാത്സംഗക്കേസിൽ റിമാൻഡിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ. തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷ ആണ് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചിരുന്നത്. കസ്റ്റഡി അപേക്ഷയെ എതിർത്ത പ്രതിഭാഗം, പ്രതിയിൽനിന്ന് ആവശ്യമായ വിവരങ്ങൾ ലഭിച്ചിട്ടും കസ്റ്റഡിയുടെ ആവശ്യം എന്തിനാണെന്ന് വാദിച്ചു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. അന്വേഷണം പൂർത്തിയാക്കി രാഹുലിനെ 15ന് വൈകിട്ട് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. ഈ മാസം 16ന് രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കും. മാവേലിക്കര സബ് ജയിലിലാണ് രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ കഴിയുന്നത്. രാഹുലിനെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ അന്വേഷണ സംഘത്തിന് പ്രതിയുമായി തെളിവെടുപ്പ് പൂർത്തിയാക്കാൻ സാധിക്കും. പാലക്കാട് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും. പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലും രാഹുലിനെ എത്തിക്കും. അതിജീവിതയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെ കണ്ടെത്താനുണ്ട്.
