മകര വിളക്കിന് ഒരുങ്ങി ശബരിമല

insight kerala

നാളെയാണ് മകരവിളക്ക് മഹോത്സവം. ശുദ്ധിക്രിയകൾ ഉൾപ്പെടെ സന്നിധാനത്ത് പൂർത്തിയായി. ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. നാളെ വെർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 11 മുതൽ പമ്പയിൽ നിന്ന് തീർത്ഥാടകരെ കയറ്റിവിടില്ല. ഒന്നരലക്ഷത്തോളം പേരെങ്കിലും മകരവിളക്ക് ദർശനത്തിനെത്തുമെന്നാണ് കണക്ക്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളും കടന്ന് നാളെ വൈകിട്ടോടെ സന്നിധാനത്ത് എത്തും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും. ശരണമന്ത്രങ്ങളാൽ മുഖരിതമായ അന്തീരക്ഷത്തിലാണ് തിരുവാഭരണ ഘോഷയാത്രയുടെ സഞ്ചാരം. മൂന്ന് പേകടങ്ങളാണ് ഘോഷയാത്രയിലുള്ളത്. ആദ്യത്തേതിൽ അയ്യപ്പവിഗ്രത്തിൽ ചാർത്താനുള്ള തിരുമുഖം ഉൾപ്പെടെ ആഭരണങ്ങൾ. രണ്ടാമത്തെ പേടകത്തിൽ കളഭാഭിഷേകത്തിനുള്ള സ്വർണ്ണകുടമാണുള്ളത്. മൂന്നാം പേടകത്തിൽ എഴുന്നള്ളിപ്പിനുള്ള ജീവതയും നെറ്റിപട്ടവും കൊടികളും. ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന നാളെ പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യപിച്ച് ഉത്തരവിട്ടത്. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ അവധി ബാധകമല്ല എന്ന് കളക്ടറുടെ ഉത്തരവിലുണ്ട്. വ്യാഴാഴ്ചയും ജില്ലയിൽ തൈപ്പൊങ്കൽ പ്രമാണിച്ച് അവധിയാണ്.

Share This Article