മകരവിളക്കിന് മൂന്ന് ദിവസം ശേഷിക്കെ ശബരിമലയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേയ്ക്ക്. അവധി ദിനം ആയിട്ടും സന്നിധാനത്ത് ഭക്തരുടെ തിരക്ക് അനുഭവപ്പെടില്ല. 40,000 ത്തിൽ താഴെ ഭക്തരാണ് നാലു മണി വരെ ദർശനം നടത്തിയത്. ഇന്നലെ 71000 ഭക്തർ ദർശനം നടത്തിയതും നട തുറന്നതിന് ശേഷമുള്ള കുറഞ്ഞ കണക്കാണ്. അതേസമയം രാത്രിയോടെ ഭക്തർ കൂട്ടമായി സന്നിധാനത്തേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. എരുമേലി പേട്ട സംഘങ്ങളും അടുത്ത ദിവസം സന്നിധാനത്ത് എത്തും. മരവിളക്ക് തൊഴാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ സന്നിധാനത്ത് തമ്പടിച്ചു തുടങ്ങിയിട്ടുണ്ട്. ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ മകരവിളക്ക് ദിനമായ 14 ന് ആകെ 35000 ഭക്തർക്കാണ് ദർശാത്തിന് അനുമതിയുള്ളത്. ആകെ ഒന്നര ലക്ഷത്തോളം ഭക്തർ സന്നിധാനത്ത് വിളക്ക് ദർശിക്കാൻ എത്തുമെന്നാണ് പോലിസിന്റെയും ദേവസ്വം ബോർഡിന്റെയും കണക്കുകൂട്ടൽ. കർശന സുരക്ഷ നിർദേശങ്ങളാണ് പോലീസ് സന്നിധാനത്ത് നൽകിയിരിക്കുന്നത്.

