അമിത്ഷായുടെ തന്ത്രങ്ങൾ

insight kerala

എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് ആഭ്യന്തരമന്ത്രി അമിത് ഷാ തലസ്ഥാനത്ത് എത്തിയത്. പ്രതിനിധി സമ്മേളനത്തിൽ മിഷൻ 2026 അവതരിപ്പിച്ച അമിത് ഷാ ബിജെപി മുഖ്യമന്ത്രി കേരളത്തിൽ വരികയാണ് പ്രധാന ലക്ഷ്യമെന്ന് ആഹ്വാനം ചെയ്തു. വികസിത കേരളം സാധ്യമാകണമെങ്കിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കസേരകളി അവസാനിപ്പിച്ച് ബിജെപി അധികാരത്തിൽ എത്തണം. ശബരിമല തന്നെയാണ് എൻഡിഎ പ്രധാന പ്രചാരണ വിഷയമാക്കുന്നതെന്ന് അമിത് ഷായുടെ ഓരോ വാക്കുകളിലും വ്യക്തമാണ്. രണ്ടു മന്ത്രിമാർ ജനമനസ്സുകളിൽ കുറ്റവാളികളാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതും ഓർമ്മിപ്പിച്ചു. ശബരിമലയിൽ നിഷ്പക്ഷ അന്വേഷണം നടന്നില്ലെങ്കിൽ കടുത്ത പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പു നൽകി.

ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും വോട്ടുബാങ്കുകളുടെ അടിസ്ഥാനത്തിലാണ് എൽഡിഎഫും യുഡിഎഫും പ്രവർത്തിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. പ്രതിനിധി സമ്മേളനത്തിൽ ബിജെപി സംസ്ഥാന നേതൃത്വം തടിയിൽ തീർത്ത അയ്യപ്പ വിഗ്രഹം അമിത് ഷായ്ക്ക് സമ്മാനിച്ചു.

Share This Article