പി. വി. മനോജ് കുമാർ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വർണം എസ് ബി ഐയുടെ ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീമിൽ നിക്ഷേപിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് നൽകുന്നതിൽ കാലതാമസം വരുത്തിയ സംഭവത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ജയറാം പരമേശ്വരൻ എന്നിവർക്കെതിരെ പുനരന്വേഷണത്തിന് നിർദ്ദേശം. കഴിഞ്ഞ ദിവസം ഉയർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ നിരപരാധിയായ മുൻ തിരുവാഭരണം കമ്മീഷണർ സി സുനിലയുടെ തടഞ്ഞുവെച്ച ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാനും യോഗത്തിൽ തീരുമാനമായി. അന്വേഷണം നടത്തുന്നതിനു മുമ്പേ ആരോപണ വിധേയർക്ക് ക്ലീൻ ചിറ്റ് നൽകിയതും റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയെ ബലിയാടാക്കാനുമുള്ള നീക്കം “ഇൻസൈറ്റ് കേരള“യാണ് പുറത്തു കൊണ്ടുവന്നത്.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം വിജിലൻസിന് നിർദ്ദേശം നൽകി. ശബരിമല സ്വർണപ്പാളി മോഷണക്കേസിൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് മുരാരി ബാബു. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ജയറാം പരമേശ്വരനെതിരെ മറ്റു ചില ആരോപണങ്ങളുമുണ്ട്. ഇതും പുനരന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയശേഷം മുൻ തിരുവാഭരണം കമ്മീഷണർ സി സുനിലയെ ബലിയാടാക്കുകയായിരുന്നു ദേവസ്വം ബോർഡ്. യഥാസമയം റിപ്പോർട്ട് നൽകുന്നതിൽ കാലതാമസം വരുത്തുക വഴി പലിശയിനത്തിൽ ബോർഡിന് വൻ സാമ്പത്തികനഷ്ടം വരുത്തി എന്നാരോപിച്ചാണ് അന്ന് തിരുവാഭരണം കമ്മീഷണറായിരുന്ന സി സുനിലയെ ബോർഡ് അധികൃതർ ബലിയാടാക്കിയത്. ശബരിമലയിലെ അടക്കം സ്വർണ വകകൾ സംബന്ധിച്ച റിപ്പോർട്ട് നൽകാതെ മാസങ്ങളോളം ബോധപൂർവം കാലതാമസം വരുത്തിയ അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ജയറാം പരമേശ്വരൻ എന്നിവരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് സുനിലയെ ബലിയാടാക്കിയത്. ആരോപണവിധേയരായ രണ്ടുപേരെയും കുറ്റവിമുക്തരാക്കിയശേഷമാണ് ബോർഡ് വിഷയത്തിൽ അന്വേഷണം നടത്തിയത്. അന്വേഷണം കഴിഞ്ഞുവെങ്കിലും റിപ്പോർട്ട് പൂഴ്ത്തി.
ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീമിൽ സ്വർണം നിക്ഷേപിക്കുന്നതിന്റെ ഭാഗമായി സ്വർണ ഉരുപ്പടികൾ സംബന്ധിച്ച വിശദവിവരങ്ങൾ വകുപ്പ് തയ്യാറാക്കിയ ഫോർമാറ്റിൽ സമർപ്പിക്കണമെന്ന് കാട്ടി 2023 ഒക്ടോബർ 16 നാണ് ബോർഡ് ഉത്തരവിറക്കുന്നത്. ഇതിനുപിന്നാലെ നവംബർ ഒമ്പതിന് ഇതിന്റെ ചുമതല തിരുവാഭരണം കമ്മീഷണറെ ഏൽപ്പിച്ച് മറ്റൊരു ഉത്തരവുമിറക്കി. എ, ബി സി എന്നിങ്ങനെ മൂന്നു രജിസ്റ്ററുകൾ തയ്യാറാക്കി സ്വർണത്തിന്റെ തൂക്കം, മൂല്യം എന്നിവ പ്രത്യേകം രേഖപ്പെടുത്തി മഹസർ തയ്യാറാകണമെന്നും നിർദ്ദേശിച്ചു. എന്നാൽ, ശബരിമലയിലെ സ്വർണ ഉരുപ്പടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകുന്നതിൽ അന്നത്തെ എക്സിക്യു്ട്ടീവ് ഓഫീസർ മുരാരി ബാബു വലിയ വീഴ്ച വരുത്തി. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ജയറാം പരമേശ്വരനും കൃത്യവിലോപം വരുത്തി. മുരാരി ബാബുവും ജയറാം പരമേശ്വരനും കുറ്റകരമായ വീഴ്ച വരുത്തിയെന്ന് കാട്ടി വിശദീകരണം തേടുകയും ചെയ്തു. ഇവർ നൽകിയ വിശദീകരണം തൃപ്തികരമെന്ന് പറഞ്ഞാണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്.
അതേസമയം, റിപ്പോർട്ട് യഥാസമയം ലഭ്യമാക്കാത്തതിനാൽ എസ് ബി ഐയിൽ നിന്നും ലഭിക്കേണ്ട പലിശയിനത്തിൽ വലിയ നഷ്ടം സംഭവിച്ചുവെന്ന് പറഞ്ഞാണ് തിരുവാഭരണം കമ്മീഷണറെ ബലിയാടാക്കിയത്.

