‘വിലായത്ത് ബുദ്ധ’യും ‘എക്കോ’യും; മലയാള സിനിമയുടെ വ്യത്യസ്ത മുഖങ്ങൾ; ഈ ആഴ്ചത്തെ സിനിമാ വിശേഷം

Abraham Kurian

വിലായത്ത് ബുദ്ധ

തൂവെള്ള ഭാസ്‌ക്കരൻ. കർക്കശക്കാരനായിരുന്ന ഒരദ്ധ്യാപകൻ. മറയൂർ പഞ്ചായത്തിന്റെ ദീർഘകാലമായുള്ള പ്രസിഡന്റ്. സ്വന്തം ഇമേജിനെക്കുറിച്ച് അഭിമാനബോധം കൂടിയ ആൾ. ഒരു ദിവസം ഒറിജിനൽ മറയൂർ ശർക്കര വില്ക്കുന്ന ഇത്തിരി പിശകുള്ള ചെമ്പകമെന്ന സ്ത്രീയുടെ വീടിന് പുറകിലുള്ള കക്കൂസ് കുഴിയിൽ ഭാസ്‌ക്കരൻ മാഷ് അറിയാതെ വീഴുന്നു. വിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ അതൊരു ആഘോഷമാക്കി മാറ്റുന്നു. മലം കൊണ്ടു നിറഞ്ഞ തൂവെള്ള ഭാസ്‌ക്കരനെ ഒരു ജെ.സി.ബി.യിൽ കയറ്റി പുഴയിലെത്തിച്ച് കുളിപ്പിക്കുന്നു. തൂവെള്ള ഭാസ്‌ക്കരൻ ഇമേജ് തവിടുപൊടിയാകുന്നു. തൂവെള്ള ഭാസ്‌ക്കരനെന്ന പേര് നാട്ടുകാർ മാറ്റുന്നു. പൊതുരംഗത്തുനിന്നും തൂവെള്ള ഭാസ്‌ക്കരൻ വിട ചെല്ലുന്നു.

സിനിമ മറയൂരിലാണ്. വൈവിധ്യമാർന്ന പ്രകൃതി കൊണ്ട് അനുഗ്രഹിക്കപ്പെട്ട മറയൂരിൽ. ചന്ദനമരമാണ് സിനിമയിലെ ഹിറോ. സ്വന്തം ഇമേജ് തകർന്നതിൽ മനോവിഷമം അനുഭവിക്കുന്ന തുവെള്ള ഭാസ്‌ക്കരൻ ഒരു കംപ്ലീറ്റ് സൊലുഷൻ കണ്ടുപിടിക്കുന്നു. മാഷിന്റെ മുറ്റത്തൊരു അതിവിശിഷ്ട ചന്ദനമരം നിൽപ്പുണ്ട്. ലോകത്തിലെ ഏറ്റവും വില കൂടിയതും വൈശിഷ്ടമുള്ളതുമായ ചന്ദനമരം. ചന്ദരമരങ്ങളിലെ മമ്മൂട്ടി. ബുദ്ധപ്രതിമ കൊത്തിയെടുക്കാൻ ഉപയോഗിക്കുന്ന ചന്ദനമരം. വിലായത്ത് ബുദ്ധ. താൻ മരിക്കുമ്പോൾ വിലായത്ത് ബുദ്ധ എന്ന ചന്ദനമരം വെട്ടി അതിൽ വേണം തന്നെ ദഹിപ്പിക്കാനെന്ന ഒടുക്കത്തെ ആഗ്രഹമാണ് തൂവെള്ള ഭാസ്‌ക്കരനുള്ളത്. തന്റെ ചീഞ്ഞ നാറ്റമുള്ള ശരീരം കത്തുമ്പോൾ ചുറ്റും ചന്ദന സുഗന്ധം പരക്കണം. പുത്തനൊരു ഇമേജ് മരിക്കുമ്പോൾ കിട്ടും.

അപ്പോഴാണ് മറയൂരിലെ ചന്ദന വീരപ്പൻ ഡബിൾ മോഹനന്റെ വരവ്. ഒരു ചന്ദനമരത്തിൽ കണ്ണുവെച്ചാൽ ഡബിൾ മോഹനൻ നിമിഷനേരം കൊണ്ടത് വെട്ടി കാശാക്കിയിരിക്കും. പോലീസിനെയും മജിസ്‌ട്രേറ്റിനെയും വെല്ലാൻ കഴിവുള്ളവൻ. കൂട്ടിന് ചെമ്പകത്തിന്റെ മകൾ തന്റേടി ചൈതന്യവും. ഭാസ്‌ക്കരൻ മാഷിന്റെ ശിഷ്യനാണ് ഡബിൾ മോഹനൻ. വിലായത്ത് ബുദ്ധ ശിഷ്യന്റെ കണ്ണിൽപെട്ടു. വിട്ടു തരില്ലെന്ന് ഗുരു. വേണമെന്ന് വാശിപിടിക്കുന്ന ശിഷ്യൻ. ഇക്കഥയാണ് വിലായത്ത് ബുദ്ധ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പ്രശസ്ത എഴുത്തുകാരൻ ജി. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവ ലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണീ സിനിമ. തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും കൂടിയാണ്. അയ്യപ്പനും കോശിയും എടുത്ത സച്ചിയുടെ ഡ്രീം പ്രൊജക്ടായിരുന്നു ഈ ചിത്രം. സച്ചിയുടെ ആകാല നിര്യാണത്തിന് ശേഷം സച്ചിയുടെ ശിഷ്യൻ ജയൻ നമ്പ്യാരാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മറയൂരിന്റെ മതിമറക്കുന്ന സൗന്ദര്യം സിനിമയ്ക്കിണങ്ങുന്ന രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറായിൽ അരവിന്ദ് എസ് കശ്യപ്. ജേക്സ് ബിജോയിയുടെ സംഗീതം ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റാണ്. പ്രത്യേകിച്ച് ഫോക് സോങ്ങുകൾ ഗംഭീരമാക്കിയിട്ടുണ്ട്.

മനുഷ്യചരിത്രത്തിൽ എക്കാലത്തും സ്വന്തം ഇമേജുകൾ ഗംഭീരമാക്കാൻ മനുഷ്യർ ചെയ്തുവെച്ചിട്ടുള്ള ക്രിയകൾ പഠന വിധേയമാക്കേണ്ടതാണ്. സ്വന്തം പേരും ഇമേജും ഉയർത്താൻ മനുഷ്യൻ എന്തൊക്കെയാണ് കാട്ടികൂട്ടുന്നത്. പുതിയ കാലത്ത് ഏത് മോശം ഇമേജും മാറ്റിയെടുക്കാൻ കുറുക്കു വഴികളുണ്ട്. ഇമേജ് തകർക്കാനും പുതിയത് സൃഷ്ടി ക്കാനും കഴിവുള്ളവരാണ് ഇന്ന് ലോകം നയിക്കുന്നത്. വിലായത്ത് ബുദ്ധ അതുകൊണ്ടു തന്നെ വർത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയ – സാമൂഹ്യാന്തരീക്ഷമാണെന്ന് പറയേണ്ടി വരും.

ഡബിൾ മോഹനനായി അഭിനയിക്കുന്നത് പൃഥ്വിരാജാണ്. ഷമ്മി തിലകനാണ് തൂവെള്ള ഭാസ്‌ക്കരൻ. പ്രിയംവദ കൃഷ്ണനാണ് ചൈതന്യയായി അഭിനയിക്കുന്നത്.
പ്രതീക്ഷയ്‌ക്കൊത്ത് വിലായത്ത് ബുദ്ധയ്ക്ക് ഉയരാൻ കഴിഞ്ഞില്ല. അനാവശ്യമായ കാടുകയറൽ, കഥാപാത്രങ്ങളെ പ്ലേസ് ചെയ്യാൻ ശ്രമിക്കുന്നതിലെ തെറ്റായ രീതികൾ, കണ്ടുപഴകിയ സീനുകൾ തുടങ്ങിയവ ഈ സിനിമയെ ദോഷമായി ബാധിച്ചു. സ്‌ക്രിപ്റ്റിലെ ഏകാഗ്രതക്കുറവ് വ്യക്തമാണ്.

പൃഥിരാജിന്റെ ഡബിൾ മോഹനൻ മുഴച്ചു നിൽക്കുന്ന ശരാശരി കഥാപാത്രമായി മാറി. ഷമ്മി തിലകൻ തന്റെ സ്വതസിദ്ധമായ അഭിനയരീതിയ്ക്ക് പകരം അച്ഛൻ തിലകനെ 100% കോപ്പിയടിച്ചു വെച്ചിരിക്കുന്നു. തിലകനാണെന്ന് തോന്നിപ്പോകുന്നു എന്നു പറഞ്ഞാൽ അത് മിമിക്രിയായി എന്ന് സാരം.

പ്രിയംവദ കൃഷ്ണണൻ ഒരാശ്വാസമാണ്. വെളിയനാട് പ്രമോദ് തന്റെ നാചുറലായ അഭിനയം കൊണ്ട് കസറി. മാസ് ചേരുവകൾ കൊണ്ട് നിറച്ച വിലായത്ത് ബുദ്ധ മൂന്നു മണിക്കൂറുണ്ടെങ്കിലും വ്യത്യസ്തമായ ഒരു കാഴ്ച നമുക്ക് സമ്മാനിക്കുന്നുണ്ട്.

എക്കോ

എക്കോ. ഈ വർഷം ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രമാണ്
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ, മലയാള സിനിമയിൽ അപൂർവമായി മാത്രം നമ്മൾ കാണുന്ന ഒരു മെറ്റാഫിസിക്കൽ, സ്ലോ ബേൺ ഹിലോസഫിക്കൽ ‘Sometimes protection and restriction both look the same’ ഒരു ചിന്ത സിനിമയിൽ ഉയരുന്നുണ്ട്. മൃഗം, സ്ത്രീ, ഭൂമി, സമൂഹം എന്നിവയുടെയൊക്കെ സംരക്ഷണത്തിന്റെ പേരിൽ ആരൊക്കെയോ കൊണ്ടുവരുന്ന നിയന്ത്രണങ്ങളുടെ ലോകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഈ സിനിമ ഉയർത്തുന്നത്. ബാഹുൽ രമേശിന്റെ തിരക്കഥയും ക്യാമറയും ഈ ചിത്രത്തെ വളരെ ഉയരത്തിലെത്തിക്കുന്നു. കാട്ടുകുന്നെന്ന ഒരു വനപ്രദേശത്താണ് സിനിമ നടക്കുന്നത്. കാട്ടുകുന്നിലെ മൗനം തന്നെ ഒരു കഥാപാത്രമാകുന്നുണ്ട്.

മുജീബ് മജീദിന്റെ സംഗീതവും സുരജ് എ.എസിന്റെ എഡിറ്റിംഗും സിനിമയെ അപൂർവമായൊരു സംവേദ്യാനുഭവമാക്കുന്നു. കുര്യച്ചനായി സൗരഭ് സച്ചിദേവും പീയുസായുള്ള സന്ദീപിന്റെ വേഷപകർച്ചയും അത്ഭുതകരമാണ്. സന്ദീപ് ഇനി മലയാള സിനി മയിലേക്ക് കുതിച്ചു കയറും. ബിയാനാ മോമിൻ അവതരിപ്പിക്കുന്ന മ്ലാത്തിച്ചേടുത്തി സിനി മയുടെ ആത്മാവാണ്. കുര്യച്ചനും നായ്ക്കളും, കാടും മനുഷ്യരുടെ കഥകളും ചേർന്ന് സിനിമ ഒരു ചുഴി സൃഷ്ടിക്കുന്നുണ്ട്.

സംരക്ഷണവും നിയന്ത്രണവും തമ്മിലുള്ള നഷ്ടപ്പെട്ട അതിരുകളെക്കുറിച്ചുള്ള ഒരു ദാർശനിക കറക്കം കൂടിയാണ് സിനിമ. സ്ത്രീയെ ‘സുരക്ഷിതമാക്കുക’ എന്ന പേരിൽ അനവധി അദ്യശ്യ ചങ്ങലകൾ നിർമ്മിക്കുന്ന സമൂഹത്തെ സിനിമ കഠിനമായി ചോദ്യം ചെയ്യുന്നു. ‘എന്റെ ദിശകൾ തീരുമാനിക്കാനുള്ള സ്വാതന്ത്യം എനിക്ക് ഉണ്ടോ?’
വനത്തിലെ നിശ്ശബ്ദതയെ വരെ ശബ്ദമാക്കുന്ന അസാധാരണ സൗണ്ട് ഡിസൈൻ ചിത്രത്തെ സുന്ദരമാക്കുന്നു.

കുര്യച്ചൻ കാണാതാകൽ ഒരു സംഭവം മാത്രമല്ല. അത് മനസ്സിന്റെ ഇരുണ്ട ആഴങ്ങളിലേക്കുള്ള യാത്രയാണ്. എക്കോ എന്ന സിനിമ ഒരർത്ഥത്തിൽ ഒരു ത്രില്ലറല്ല, നമ്മളെ സംരക്ഷിക്കുന്ന മതിലുകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. സംര ക്ഷണം എന്നത് പലപ്പോഴും നമ്മുടെ സ്വാതന്ത്യത്തിന്റെ ശവക്കുഴികളാണ്.

insight kerala

കിഷ്‌ക്കിണ്ഡാ കാണ്ഡത്തിനു ശേഷമുള്ള ദിൻജിത്തിന്റെ എക്കോ എന്ന സിനിമ കമിറ്റഡായ ഒരു സംവിധായകനെ നമുക്ക് കാട്ടിത്തരുന്നു. തിയറ്ററിൽ പ്രേക്ഷകർക്ക് സിനിമ സമ്മാനിക്കുന്ന ഫീൽ എത്ര പറഞ്ഞാലും മതിയാവില്ല. കാണാത്ത കാഴ്ചകൾ, അനുഭവ ങ്ങൾ, ശബ്ദങ്ങൾ ഇതൊക്കെ നമുക്കീ സിനിമ തരുന്നത് പുത്തൻതോന്നലുകളാണ്. ലോക സിനിമാ വേദികളിൽ അഭിമാനത്തോടെ ദിൻജിത്തിന്റെ എക്കോയെ പ്രതിഷ്ഠിക്കാം.

Share This Article
Follow:
എബ്രഹാം കുര്യൻ. കണ്ടൻ്റ് റൈറ്ററും പ്രോഗ്രാം ഡിസൈനറും സിനിമാ നിരൂപകനും സാമൂഹ്യ പ്രവർത്തകനുമാണ്. ലിവിങ് ലീഫ് ഫൗണ്ടേഷൻ & പബ്ലിഷേഴ്സിൻ്റെ ഫൗണ്ടർ ഡയറക്ടർ