കേരളത്തിൽ അടിയന്തരാവസ്ഥയോ? ജയതിലകിനെതിരെ ഗുരുതര ആരോപണങ്ങൾ പുറത്തുവിട്ടതിന് തനിക്കെതിരെ വീണ്ടും നടപടിയെന്ന് പ്രശാന്ത് IAS

Anil Kumar
By Anil Kumar Add a Comment 2 Min Read

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി സസ്പെൻഷനിലായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് വീണ്ടും രംഗത്ത്. വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിനെയും ബിനാമി ഇടപാടുകളെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടതിനെത്തുടർന്ന് തനിക്കെതിരെ പുതിയ ഡിസിപ്ലിനറി നടപടിക്ക് നീക്കം നടക്കുന്നുവെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് പ്രശാന്ത് നടത്തിയിരിക്കുന്നത്.

റിട്ടയേർഡ് സ്കൂൾ അധ്യാപകനും വിവരാവകാശ പ്രവർത്തകനുമായ അനിൽ ബോസ് കാഞ്ഞിരപ്പള്ളി വിജിലൻസിൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

നടപടി എനിക്കെതിരെ മാത്രം: പ്രശാന്ത്

ഡോ. ജയതിലക് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വ്യാജമായി സത്യവാങ്മൂലം നൽകിയതിനും സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതിനും സർക്കാർ രേഖകൾ തെളിവായുണ്ടെന്ന് പ്രശാന്ത് പറയുന്നു. “ഇത്രയും ഗുരുതരമായ ചട്ടലംഘനം തെളിവ് സഹിതം പുറത്ത് വന്നതിനാൽ ഇപ്പോൾ നടപടി ഉണ്ടാവും എന്ന് കരുതി നമ്മളെല്ലാവരും കാത്തിരുന്നു. നടപടി വരും, കേട്ടോ… വന്നു. പക്ഷേ, എനിക്കെതിരെ ആണെന്ന് മാത്രം,” പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഗുരുതരമായ ഈ ചട്ടലംഘനങ്ങളിൽ അഖിലേന്ത്യാ സർവീസ് ചട്ടം റൂൾ 7 പ്രകാരം നടപടി ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട് ഒരാഴ്ചയായെന്നും, അതിൽ പ്രകോപിതനായി ഡോ. ജയതിലക് തനിക്കെതിരെ പുതിയ ഡിസിപ്ലിനറി നടപടി തുടങ്ങിയ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും അതിന്റെ രേഖകൾ ഇന്ന് കയ്യിൽ കിട്ടിയെന്നും അദ്ദേഹം കുറിച്ചു.

CAG ഓഡിറ്റും അഴിമതിയും

ഡോ. ജയതിലക് ധനകാര്യ വകുപ്പ് സെക്രട്ടറി ആയിരിക്കെ ഉൾപ്പെട്ട അഴിമതി, കൺട്രോളർ & ഓഡിറ്റർ ജനറൽ (CAG) ചൂണ്ടിക്കാട്ടി കത്തയച്ചതും അതിന് മറുപടി നൽകാൻ കൂട്ടാക്കാതിരുന്നതും പ്രശാന്ത് ഓർമ്മിപ്പിച്ചു. ഓഡിറ്റ് ഒബ്സർവേഷൻ ഉണ്ടെന്ന സത്യം പറയുന്നത് “വകുപ്പുകൾക്ക് മാനഹാനി” ഉണ്ടാക്കി എന്നാണ് ആരോപിക്കപ്പെടുന്നത്.

ഭരണഘടനാ സ്ഥാപനമായ സി.എ.ജി.യുടെ ഓഡിറ്റിങ്ങിനോട് നിസ്സഹകരിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി കാണിക്കുക, ഓഡിറ്റിൽ പിടിക്കപ്പെടുക, മറുപടി നൽകാതെ നിയമലംഘനം നടത്തുക എന്ന രീതിയാണ് ജയതിലകിന്റേതെന്നും പ്രശാന്ത് ആരോപിക്കുന്നു.

“ഇയാൾ തന്നെയാണോ സർക്കാർ?”

ഡോ. ജയതിലക് എന്ന സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങുന്ന ട്രാഫിക് പോലീസുകാരനും വില്ലേജ് അസിസ്റ്റന്റിനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഉള്ളതെന്നും, അദ്ദേഹത്തെക്കുറിച്ച് മിണ്ടാൻ പാടില്ല എന്ന് പറയാൻ കേരളത്തിൽ അടിയന്തരാവസ്ഥയുണ്ടോ? എന്നും പ്രശാന്ത് ചോദ്യം ചെയ്യുന്നു.

“I am the state! (ഞാനാണ് സർക്കാർ!) – സ്വയം സർക്കാർ ആണെന്ന തോന്നൽ – ചിലർക്ക് ചില കാലത്ത് തോന്നുന്ന ഭ്രമമാണ്. ഈ മാനസികാവസ്ഥയിലൂടെ കടന്നുപോയ വലിയ വലിയ ഏകാധിപതികളും രാജാക്കന്മാരും ഒക്കെ ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിൽ ചളുങ്ങി കിടപ്പുണ്ട്,” എന്ന മുന്നറിയിപ്പോടെയാണ് പ്രശാന്ത് എൻ. തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Share This Article