ഗസ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 27 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 80ലേറെ പേർക്ക് പരിക്കേറ്റു. ഗസ സിറ്റിക്കടുത്തുള്ള സെയ്തൗനിൽ സ്ത്രീകളെയും കുട്ടികളെയും താമസിപ്പിച്ച കെട്ടിടത്തിനുനേരെയായിരുന്നു ആക്രമണമെന്ന് അൽ- ജസീറ റിപ്പോർട്ട് ചെയ്തു.
ഇവിടെയുണ്ടായ ആക്രമണത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ മേഖലയായ ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിൽ 13 പേരും കൊല്ലപ്പെട്ടു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായി ഗസയിലെ ആശുപത്രി അധികൃതർ പറഞ്ഞു.
ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ വാദം. എന്നാൽ ഈ വാദത്തെ എതിർത്ത് ഹമാസ് രംഗത്തു വന്നു. വെടിനിർത്തൽ കരാർ നിലവിൽ വന്നശേഷം ഗസയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ മാസം പത്തിനാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്.
വെടിനിർത്തൽ കരാർ സമയത്തും ഇസ്രയേൽ ഹമാസിന്റെ കേന്ദ്രങ്ങളിൽ ആവർത്തിച്ച് ആക്രമണങ്ങൾ നടത്തുന്നുണ്ട്. ചുരുങ്ങിയത് 280 പേരെങ്കിലും ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

