തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ പൂജാ – വഴിപാട് പട്ടികയിൽ ഇല്ലാത്ത പൂജകളുടെ പേരിലും ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്നതായി ആരോപണം. മംഗല്യ പൂജ, ഗന്ധർവ പൂജ, സന്താന ഗോപാല പൂജ എന്നിങ്ങനെയാണ് പൂജകൾ.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വഴിപാട് സ്റ്റേറ്റ്മെന്റ് അനുസരിച്ച് സ്വയംവരാർച്ചന/സ്വയംവര പുഷ്പാഞ്ജലി/ മംഗല്യസൂക്ത പുഷ്പാഞ്ജലി, സന്താന ഗോപാലാർച്ചന എന്നിവ മാത്രമേയുള്ളു. ഇതിനാകട്ടെ 40 രൂപയാണ് വഴിപാട് നിരക്ക്. എന്നാൽ പൂജയുടെ പേര് പറഞ്ഞ് ഈടാക്കുന്നതാകട്ടെ 500 രൂപ മുതൽ ആയിരം രൂപ വരെയും. സ്വയംവരാർച്ചനയാണ് പൂജയാക്കി മാറ്റുന്നത്.
ബോർഡിലേക്ക് ഒടുക്കേണ്ട ഏഴാം നമ്പർ ഫോം അനുസരിച്ച് മേൽപ്പറഞ്ഞ അർച്ചനകളുടെ തുക ഒടുക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ കൃത്രിമത്വം കണ്ടുപിടിക്കാനും കഴിയില്ല. പൂജ നടത്തിയെന്ന പേരിൽ ശർക്കരപ്പായസം ഭക്തർക്ക് നൽകുന്നതിനാൽ അവർക്കും സംശയമുണ്ടാകില്ല. എന്നാൽ ദേവസ്വം ബോർഡിന്റെ വഴിപാട് സ്റ്റേറ്റ്മെന്റ് അനുസരിച്ച് അത്തരമൊരു പൂജ പട്ടികയിൽ ഇല്ലതാനും.
ആറൻമുള ഗ്രൂപ്പിലെ കോട്ട ഗന്ധർവമുറ്റം ദേവസ്വത്തിലെ ക്ഷേത്രത്തിലാണ് ഇതു പോലെ ഗന്ധർവപൂജ എന്ന പേരിൽ പട്ടികയിൽ ഇല്ലാത്ത പൂജ നടത്തുന്നത്. ഭക്തർക്ക് ആറാം നമ്പർ അർച്ചന രസീത് നൽകും. പക്ഷേ ഈടാക്കുന്നത് ആയിരം രൂപയാണെന്നാണ് ആക്ഷേപം. ഉച്ചപൂജയ്ക്കൊപ്പം തയ്യാറാക്കുന്ന ശർക്കരപ്പായസം ഭക്തർക്ക് നൽകും. ഇവിടെയും ആറാം നമ്പർ രസീതിലെ കണക്ക് ഫോം 7-ൽ രേഖപ്പെടുത്തുന്നതിനാൽ തരികിട കണ്ടുപിടിക്കാനാകില്ല.
ഹനുമാൻ ക്ഷേത്രങ്ങളിലെ വടമാല വഴിപാട് ഇനത്തിലും ക്രമക്കേട് നടത്തുന്നതായും ആരോപണമുണ്ട്. ദേവസ്വം മുതൽക്കൂട്ടായി 60 രൂപയും സപ്ലയർ ചാർജായി 60 രൂപയുമടക്കം 120 രൂപയാണ് വഴിപാട് നിരക്ക്. എന്നാൽ ചിലയിടങ്ങളിൽ 500 മുതൽ 1800 രൂപ വരെ ഭക്തജനങ്ങളിൽ നിന്നും ഈടാക്കുന്നുവെന്നാണ് ആക്ഷേപം.
ദേവസ്വത്തിൽ സ്വന്തമായി ഗ്രൈൻഡർ ഇല്ലാത്തതിനാൽ പുറത്തു നിന്നും വാടകയ്ക്ക് എടുക്കേണ്ടി വരുന്നുവെന്നാണ് ഇതിനുള്ള ന്യായമായി ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തെ തിരുവനന്തപുരം ഒടിസി ഹനുമാൻ ക്ഷേത്രത്തിൽ ഇങ്ങനെ അമിത നിരക്ക് ഈടാക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ചിറയിൻകീഴിലേക്ക് സ്ഥലം മാറ്റിയിരുന്നു. ആറൻമുള ഗ്രൂപ്പിലെ മൂർത്തിട്ട ക്ഷേത്രം, കൊട്ടാരക്കര ക്ഷേത്രം, തൃക്കാരിയൂർ എന്നിവിടങ്ങളിലും വടമാല പ്രധാന വഴിപാടാണ്.
,

