കാസർഗോഡ്: അസാധ്യമായ മനക്കരുത്ത് കൊണ്ട് പരിമിതികളെ കീഴടക്കുകയാണ് ഫാത്തിമ മുബഷിറ. ഇരുകാലുകൾക്കും മതിയായ വളർച്ചയില്ലാത്ത, പ്രത്യേക പരിചരണം ആവശ്യമുള്ള വിദ്യാർത്ഥിനി. പക്ഷേ, ഹാൻഡ് ബോൾ ഗ്രൗണ്ടിൽ ഈ പരിമിതികളൊന്നും ഈ പെൺകുട്ടിയെ തളർത്തുന്നേയില്ല. എതിരാളികളുടെ പ്രതിരോധത്തെ ഭേദിച്ചും കൂട്ടുകാരെ പ്രചോദിപ്പിച്ചും അവൾ കളം നിറയും. തിരുവനന്തപുരത്ത് ഇക്കഴിഞ്ഞയാഴ്ച സമാപിച്ച സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായുള്ള ഇൻക്ലൂസിവ് മീറ്റിൽ താരമായതും കാണികളുടെ കയ്യടികൾ നേടിയതും മുബഷിറ ആയിരുന്നു.
ആദ്യാവസാനം വീറും വാശിയും മുറ്റിനിന്ന മത്സരത്തിൽ ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു കാസർകോട് ജില്ലയ്ക്ക് വേണ്ടി ഈ പെൺകുട്ടി കാഴ്ചവെച്ചത്. ശാരീരിക പരിമിതികൾ ഉണ്ടെങ്കിലും ജനറൽ വിഭാഗത്തിൽ മത്സരിക്കാമോ എന്ന ചോദ്യം വന്നാൽ, മടിയേതുമില്ലാതെ തയ്യാർ എന്ന മറുപടിയാണ് മുബഷിറയുടെ നിശ്ചയദാർഢ്യത്തിന്റെ കരുത്ത്. ശാരീരിക പരിമിതികളെ വകവെക്കാതെ മനസിന്റെ കരുത്ത് കൊണ്ട് കളം കീഴടക്കുന്ന ഈ താരം കാസർകോട് ജില്ലയിലെ അംഗടിമുഗർ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.

സംസ്ഥാന ഇൻക്ലൂസിവ് മീറ്റിൽ കാസർകോടിനു വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തത് മുബഷിറ ആയിരുന്നു. ഹാൻഡ്ബോൾ മത്സരത്തിൽ, എതിരാളികളുടെ മുന്നേറ്റത്തെ തടഞ്ഞും പ്രതിരോധ നിര ഭദ്രമായി കാത്തും അവൾ കളിക്കളത്തിൽ തരംഗം തീർത്തു. ചില വേളകളിൽ എതിരാളികളുടെ കോട്ട ഭേദിച്ച് ഗോൾ വല കുലുക്കി. ഒരു നിമിഷം പോലും തളരാതെ കൂട്ടുകാരികളെ പ്രോത്സാഹിപ്പിച്ചു, പ്രചോദനം നൽകി.
ആവേശത്തിന്റെ കൊടുമുടിയേറിയ മത്സരത്തിൽ കാണികളുടെ നിറഞ്ഞ പിന്തുണയും കയ്യടിയും നേടി. മത്സരശേഷം കൂട്ടുകാർക്കൊപ്പം കളിക്കളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് പലരും മുബഷിറയുടെ ശാരീരിക പരിമതി തിരിച്ചറിയുന്നത് തന്നെ.
88 ആം നമ്പർ ജേഴ്സിയിൽ ആദ്യന്തം നിറഞ്ഞു നിന്നു ഈ താരം. എന്നും വെല്ലുവിളികളെ നേരിടാനുള്ള കരുത്തും കുതിപ്പുമായിരുന്നു മുബഷിറക്ക് തന്റെ ശാരീരിക പരിമിതി. ഇൻക്ലൂസീവ് മീറ്റിന്റെ ഭാഗമായുള്ള ജില്ലാ ചാമ്പ്യൻഷിപ്പിലും മികച്ച താരങ്ങളിൽ ഒരാൾ. ശാസ്ത്രീയ പരിശീലനങ്ങൾ നേടാതെയാണ് ഈ മുന്നേറ്റമെന്നതാണ് മറ്റൊരു കാര്യം. അംഗടിമുഗർ പോലെയുള്ള ഒരു മേഖലയിൽ നിന്ന് കേരളത്തിന്റെ കായിക നെറുകയിലേക്ക് ചുവടു വെച്ചിരിക്കുകയാണ് മുബഷിറ.

കുടുംബപരമായി കായിക പാരമ്പര്യം ഒന്നുമില്ല. പൈവളിക പഞ്ചായത്തിലെ പെർമുദ മാണി ഹൗസിൽ അബ്ദുൾ റസാഖിന്റെ മകൾ. കൂലിപ്പണിയെടുത്താണ് അബ്ദുൾ റസാഖ് കുടുംബം പുലർത്തുന്നത്. എല്ലാ ദിവസവും സ്കൂളിലെത്തുന്ന മിടുക്കിയായ വിദ്യാർഥിനി കൂടിയാണ് മുബഷിറയെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
വെല്ലുവിളികളോടുള്ള നിരന്തര പോരാട്ടമാണ് ഓരോ കായിക താരത്തിന്റെയും കരുത്ത്. ലോക കായിക ഭൂപടത്തിൽ ചരിത്രം തീർത്ത ജെസി ഓവൻസ് മുതൽ ഇങ്ങോട്ട് ആരെയെടുത്താലും. ആ കുതിപ്പിൽ വടക്കിന്റെ പുതിയ ചരിത്രം എഴുതി ചേർക്കുകയാണ് പുതു തലമുറയിലെ മുബഷിറയും.

