തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനും പിടിവീഴുമെന്ന് സൂചന. അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) പത്മകുമാറിന് വീണ്ടും നോട്ടീസ് അയച്ചു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിന് നോട്ടീസ് അയക്കുന്നത് ഇത് രണ്ടാം തവണയാണ്. മുൻ കമ്മീഷണർ എൻ. വാസുവിനെ ചോദ്യം ചെയ്യുന്ന സമയത്ത്, പത്മകുമാറിനോടും ഹാജരാകാൻ എസ്.ഐ.ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അന്ന് ഹാജരായിരുന്നില്ല.
കേസിൽ കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് പത്മകുമാറിന് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.
പത്മകുമാർ ബോർഡ് പ്രസിഡന്റായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ജീവനക്കാരനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാവാം പത്മകുമാറിനെ ചോദ്യം ചെയ്യാനുള്ള നീക്കം.

