ദേശീയപാതാ അതോറിറ്റി നഷ്ടപരിഹാരം നല്‍കേണ്ടി വരും; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ റോഡ് നിർമ്മിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

insight kerala

തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാത നിർമ്മിച്ചതിനെ തുടർന്ന് റോഡിനായി സ്ഥലം വിട്ടുകൊടുത്തയാൾക്ക് അപകടം പറ്റിയ സംഭവത്തിൽ ദേശീയപാതാ അതോറിറ്റിയുടെ (NHAI) ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിരീക്ഷിച്ചു.

കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന മുൻ ഉത്തരവ് എൻ.എച്ച്.എ.ഐ. പ്രോജക്റ്റ് ഡയറക്ടർ പാലിക്കാത്തതിനെ തുടർന്ന് ഡയറക്ടർക്ക് സമൺസ് അയക്കാൻ കമ്മീഷൻ ഉത്തരവിട്ടു. സമൺസ് അനുസരിച്ചില്ലെങ്കിൽ വാറണ്ട് പുറപ്പെടുവിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.

നഷ്ടപരിഹാരം നൽകേണ്ടി വരും

മണമ്പൂർ ശ്യാം നിവാസിൽ ബി. ശോഭ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. 2024 ഏപ്രിൽ 26 രാത്രി ദേശീയപാത 66-ലെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ശോഭയുടെ ഭർത്താവ് ശിവലാൽ കാൽതെറ്റി താഴ്ചയിലേക്ക് വീണ് വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി 4.5 ലക്ഷം രൂപ ചെലവായെന്ന് കാണിച്ച് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നാണ് പരാതിയിലെ ആവശ്യം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നഷ്ടപരിഹാരം ഈടാക്കി നൽകുന്നതുമായി ബന്ധപ്പെട്ട് രേഖാമൂലം വിശദീകരണം സമർപ്പിച്ചില്ലെങ്കിൽ, എൻ.എച്ച്.എ.ഐയ്ക്ക് നഷ്ടപരിഹാരം നൽകാൻ വിസമ്മതമില്ലെന്ന നിഗമനത്തിൽ തുക വിധിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കളക്ടർ നേരിട്ട് മേൽനോട്ടം വഹിക്കണം

അപകട കാരണം ദേശീയപാതാ അതോറിറ്റിയുടെ വീഴ്ചയാണെന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു.

കേസ് പരിഗണിക്കുന്നതിനിടെ ജില്ലാ കളക്ടർക്ക് വേണ്ടി തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ ഒ. വി. ആൽഫ്രഡ് ഹാജരായി. സ്ഥലപരിശോധന നടത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

  • ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തണം.
  • പരിശോധനയിൽ എൻ.എച്ച്.എ.ഐ. പ്രോജക്റ്റ് ഡയറക്ടർ ഹാജരാകാൻ നോട്ടീസ് അയക്കണം.
  • പരാതിക്കാരിയുടെ കുടുംബത്തിന് ഭാവിയിൽ അപകടങ്ങൾ ഉണ്ടാകാത്ത രീതിയിലുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കണം.
  • ജില്ലാ കളക്ടർ പ്രോജക്റ്റ് ഡയറക്ടറെയും പരാതിക്കാരിയെയും നേരിട്ട് കേൾക്കണം.

ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും കളക്ടറുടെ നിർദ്ദേശങ്ങൾ എൻ.എച്ച്.എ.ഐ. അനുസരിച്ചില്ലെങ്കിൽ നിയമാനുസരണം നടപടിയെടുക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.

Share This Article