കൊച്ചി: സംസ്ഥാനത്തിന്റെ ഊർജ്ജോത്പാദനത്തിൽ നിർണായകമായ ഇടുക്കി ജലവൈദ്യുത പദ്ധതിയിൽനിന്നുള്ള ഉത്പാദനം ഒരു മാസത്തോളം പൂർണമായോ ഭാഗികമായോ നിലയ്ക്കാൻ സാധ്യത. മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകളിൽ മൂന്നെണ്ണം അറ്റകുറ്റപ്പണികൾക്കായി ചൊവ്വാഴ്ചമുതൽ പ്രവർത്തനം നിർത്തുന്നതിനാലാണ് ഈ പ്രതിസന്ധി.
ഇടുക്കിയിലെ ആകെ വൈദ്യുതോത്പാദന ശേഷി 780 മെഗാവാട്ടാണ്. മൂന്ന് ജനറേറ്ററുകൾ നിർത്തുന്നതോടെ, ഇത് പ്രതിദിനം 390 മെഗാവാട്ടായി കുറയും. അതായത്, പ്രതിദിനം ഏകദേശം 80 ലക്ഷം യൂണിറ്റിന്റെയും ഒരു മാസംകൊണ്ട് 24 കോടി യൂണിറ്റിന്റെയും ഉത്പാദനക്കുറവാണ് സംസ്ഥാനത്തിനുണ്ടാകുക.
നവംബർ 11 മുതൽ ഡിസംബർ 10 വരെയാണ് ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവെക്കുന്നത്. അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിൻ ഇൻലെറ്റ് വാൽവിന്റെ സീലുകൾ കാലപ്പഴക്കം കാരണം തേഞ്ഞുപോയതായി കണ്ടെത്തിയതാണ് കാരണം. ഈ സീലുകൾ മാറ്റുന്നതിനാണ് അറ്റകുറ്റപ്പണി.
നാല്, അഞ്ച്, ആറ് ജനറേറ്ററുകൾക്ക് വെള്ളം ലഭിക്കുന്നത് രണ്ടാം പെൻസ്റ്റോക്ക് പൈപ്പിൽനിന്നാണ്. അതിനാൽ, അഞ്ച്, ആറ് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി നടക്കുമ്പോൾ നാലാം ജനറേറ്ററിൻ്റെ പ്രവർത്തനവും നിർത്തേണ്ടിവരും. സാധാരണയായി, ഓരോ വർഷവും ജൂലൈ മുതൽ ഡിസംബർ വരെ ഓരോ ജനറേറ്ററുകൾ മാത്രമാണ് അറ്റകുറ്റപ്പണി നടത്താറുള്ളത്. എന്നാൽ, സീലുകൾ തേഞ്ഞുപോയത് കണ്ടെത്തിയതിനാൽ ഇത്തവണ മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി ഒരുമിച്ചു നടത്താൻ തീരുമാനിക്കുകയായിരുന്നു.
നിലവിൽ ഇടുക്കി ഡാമിൽ 78 ശതമാനത്തോളം വെള്ളമുണ്ട് (170 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ളത്ര). അതിനാൽ, വൈദ്യുതിയിലുണ്ടാകുന്ന കുറവ് പുറമേനിന്ന് വൈദ്യുതി എത്തിച്ച് പരിഹരിക്കാനാകും. അടുത്ത ഒരുമാസം 24 കോടി യൂണിറ്റ് അധിക വൈദ്യുതി പുറമേനിന്ന് കണ്ടെത്തിയാൽ മതിയാകും.
എന്നാൽ, ഈ പ്രതിസന്ധി മറ്റൊരു പ്രശ്നത്തിന് കാരണമാകും. മൂലമറ്റത്ത് വൈദ്യുതി ഉത്പാദിപ്പിച്ചശേഷം മലങ്കര റിസർവോയറിലേക്കും അവിടെനിന്ന് തൊടുപുഴയാർ, മൂവാറ്റുപുഴയാർ എന്നിവിടങ്ങളിലേക്കുമാണ് വെള്ളം വിടുന്നത്. ജനറേറ്ററുകൾ പ്രവർത്തനം നിർത്തുമ്പോൾ ഈ ജലലഭ്യതയിൽ കുറവുവരും. ഇത് മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയെയും അതിനു താഴേക്കുവരുന്ന കുടിവെള്ള-ജലസേചന പദ്ധതികളെയും ബാധിക്കാൻ ഇടയുണ്ട്.

