തിരുവനന്തപുരം/ ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഭക്തരിൽ നിന്നും ഈടാക്കുന്ന വഴിപാട് നിരക്കിന്റെ 65 ശതമാനവും പോകുന്നത് ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക്. സപ്ലൈയർ തുക എന്ന പേരിലാണ് ഇത്രയധികം തുക ബോർഡ് ഉദ്യോഗസ്ഥർ എഴുതിയെടുക്കുന്നത്. ബോർഡിന് മുതൽക്കൂട്ടാകുന്നത് കേവലം 32 ശതമാനം. ഫലത്തിൽ സപ്ലൈയർ തുക എഴുതിയെടുത്ത് ഉദ്യോഗസ്ഥർ കൊഴുക്കുന്നു. അതുകൊണ്ട് തന്നെ ബോർഡിന് കീഴിലുള്ള ചില മഹാ ക്ഷേത്രങ്ങളിൽ മാത്രം ഉപഗ്രഹങ്ങളായി ചുറ്റി തിരിയുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും കൂടുകയാണ്. വഴിപാട് നടത്താനുള്ള സാധനങ്ങളുടെ പേരിലാണ് ഈ കൊള്ള. ഒരു മാസം 36 ലക്ഷം രൂപ വരെ ഇങ്ങനെ ഉണ്ടാക്കുന്നവർ ഉണ്ട്.
തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ
പാൽപ്പായസം, നീരാജനം, ഗണപതി ഹോമം, ഉണ്ണിയപ്പം, ദുർഗാ പൂജ, ഭഗവതി സേവ എന്നിവയുടെ പേരിലാണ് ഒരു മാസം ലക്ഷക്കണക്കിന് തുക തട്ടിയെടുക്കുന്നത്.
അമ്പലപ്പുഴ, ഏറ്റുമാനൂർ, കൊട്ടാരക്കര, ചെങ്ങന്നൂർ, ആറൻമുള, ചെട്ടികുളങ്ങര, മലയാലപ്പുഴ, ശബരിമല, അടക്കമുള്ള മഹാക്ഷേത്രങ്ങളിലാണ് ഇങ്ങനെ വലിയ തോതിൽ തുക തട്ടിയെടുക്കുന്നതായുള്ള ആരോപണം.
പാൽപ്പായസം വഴിപാടിന് 110 രൂപയാണ് നിലവിൽ ഈടാക്കുന്നത്. വഴിപാട് നടത്തുന്ന വിശ്വാസികളുടെ പേരിൽ 110 രൂപ രസീതാക്കും. ഈ തുക വിശ്വാസികൾ അടക്കണം. എന്നാൽ ഈയിനത്തിൽ ദേവസ്വം ബോർഡ് ചെലവാക്കുന്നത് പരമാവധി 45 രൂപ. ബാക്കി വരുന്ന രൂപ സപ്ലയർ തുക എന്ന പേരിൽ ബോർഡിലെ ഉദ്യോഗസ്ഥർ എഴുതിയെടുക്കും.

വഴിപാടിനുള്ള സാധനങ്ങൾ വാങ്ങാൻ എന്ന പേരിലാണ് എക്‌സികൂട്ടീവ് ഓഫീസർ അല്ലെങ്കിൽ ചുമതലയുള്ള മറ്റ് ജീവനക്കാർ ഈ തുക എഴുതിയെടുക്കുന്നത്. ഫലത്തിൽ വിശ്വാസികളുടെ 65 രൂപ ഈ പറഞ്ഞ പോലെ അലിഞ്ഞ് തീരും. ഏറ്റവും കൂടുതൽ ഗണപതി ഹോമ വഴിപാട് നടത്തുന്ന കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലും ഇത് തന്നെ സ്ഥിതി.
നിരക്കുകൾ ഇങ്ങനെ
ലക്ഷാർച്ചനക്കുള്ള വഴിപാട് നിരക്ക് 32500 രൂപയാണ്. ഇതിൽ ദേവസ്വം മുതൽക്കൂട്ട് 13000 രൂപ. ബാക്കി 19500 രൂപ സപ്ലൈയർ നിരക്ക് /ചാർജ് എന്ന പേരിൽ ഉദ്യോഗസ്ഥർ എഴുതിയെടുക്കും.
കളഭാഭിഷേകത്തിന് വഴിപാട് തുക ഭക്തൻ കൊടുക്കേണ്ടത് 16900 രൂപ. ഇതിൽ ദേവസ്വത്തിനുള്ള മുതൽക്കൂട്ട് കേവലം 2080 രൂപ. ബാക്കി വരുന്ന 14820 രൂപ സപ്ലൈയർ തുക എന്ന പേരിൽ ക്ഷേത്രം എ ഒ അല്ലെങ്കിൽ എക്‌സിക്യൂട്ടീവ് ഓഫീസർ എഴുതിയെടുക്കും. ഒറ്റ വഴിപാട് എന്ന പേരിലാണ് ഇങ്ങനെ തുക എഴുതിയെടുക്കുന്നത്. മിക്കവാറും മൂന്നും നാലും വഴിപാട് ഈ ഇനത്തിൽ ഉണ്ടാകും. ഫലത്തിൽ ഒരാളുടെ വഴിപാട് തുക കൊണ്ട് അതാത് ദിവസത്തെ ലക്ഷാർച്ചന നടത്തും. ബാക്കി വരുന്ന തുക നേരെ ഉദ്യോഗസ്ഥരിലേക്കും.
ഇത്തരം വഴിപാടുകൾ നടത്താൻ പ്രത്യേക നിയമാവലിയുമുണ്ട്. ഫസ്റ്റ് ക്വാളിറ്റി ചന്ദനം വാങ്ങണം, തന്ത്രിക്കുള്ള പ്രത്യേക ദക്ഷിണ, തളിക്കുള്ള പ്രത്യേക ചാർജ് തുടങ്ങിയ കാര്യങ്ങൾ അടക്കം ഉൾപ്പെടുത്തിയാണ് സപ്ലൈയർ നിരക്ക് ഈടാക്കുന്നത്. എന്നാൽ, ഇതെല്ലാം പാലിക്കുന്നുണ്ടോ എന്നതിൽ ഒരു വ്യക്തതയും ഇല്ല താനും. സ്വാഭാവികമായും ഇത്തരം വഴിപാടുകൾ നടത്തുമ്പോൾ ഭക്തർ സ്വമേധയാ തന്ത്രിക്കും മേൽശാന്തിക്കും ദക്ഷിണ കൊടുക്കാറുമുണ്ട്.
ചില പൂജകളിൽ/ വഴിപാടുകളിൽ നടത്തുന്ന പ്രാർഥനകൾ അടക്കം നിയമാവലിയിൽ പറയുന്നുണ്ട്. എന്നാൽ ഇതെല്ലാം പാലിക്കുന്നുണ്ടോ എന്ന് ഭക്തർക്ക് പോയിട്ട് ബോർഡ് ഉദ്യോഗസ്ഥർക്ക് തന്നെ ഒരു നിശ്ചയവുമില്ല.
ചന്ദനാഭിഷേകം, അഷ്ടാഭിഷേകം, ക്ഷീരധാര എന്നിവയിലും ഭക്തരിൽ നിന്നും ഈടാക്കുന്ന വഴിപാട് തുകയുടെ മൂന്നിലൊന്ന് പോലും ദേവസ്വം മുതൽക്കൂട്ടിൽ എത്തുന്നില്ല.
അമ്പലപ്പുഴ പാൽപ്പായസം വഴിപാട് 2029 വരെ ബുക്കിംഗ് ആണ്. എന്നാൽ ഇവിടെ അധിക തുക കൊടുത്താൽ ഉദ്യോഗസ്ഥർ വഴിപാട് രസീതാക്കുമെന്നും ആരോപണമുണ്ട്.
മഹാവിഷ്ണുവിന് പ്രാധ്യാനമുള്ള ഞായർ, വ്യാഴം ദിവസങ്ങളിൽ ഏതാണ്ട് 7000 രസീത് ആണ് അമ്പലപ്പുഴയിൽ. അങ്ങനെ വരുമ്പോൾ തന്നെ ഒരു മാസം കോടികൾ വരും.
അതുപോലെ ബോർഡിന് കീഴിൽ ഏറ്റവും കൂടുതൽ വഴിപാട് ലഭിക്കുന്ന അമ്പലങ്ങളാണ് ആറൻമുള, ചെങ്ങന്നൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, ഏറ്റുമാനൂർ, കൊട്ടാരക്കര എന്നിവ. ഈ മഹാക്ഷേത്രങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.
ഒരു ദിവസത്തെ വഴിപാട് പട്ടിക വന്നാൽ പിറ്റേ ദിവസം 3 മണിക്ക് മുമ്പായി ബോർഡ് / ധനലക്ഷ്മി ബാങ്കിൽ ഉദ്യോഗസ്ഥൻ അടച്ചാൽ മതി. അവിടെയും നല്ല തട്ടിപ്പ് നടത്തുന്നു ഇവർ. ഫോം 7ൽ എഴുതി തയ്യാറാക്കി ആകും ഇവർ സമർപ്പിക്കുക. ഇതിൽ സപ്ലെയർ തുകയും രേഖപ്പെടുത്തണം.
500 രൂപയ്ക്ക് മുകളിലാണ് ഈ തുകയെങ്കിൽ അതിന്റെ അഞ്ച് ശതമാനവും ആയിരം മുതൽ 2000 രൂപ വരെയാണെങ്കിൽ 10 ശതമാനവും 2100 മുതൽ 3000 വരെയാണെങ്കിൽ 15 ശതമാനവും 3100 മുതൽ 20 ശതമാനവും ബോർഡിലേക്ക് അടക്കണം. ഒരു ദിവസം 30000 രൂപ വരെ ലഭിച്ചാൽ 35 ശതമാനം ബോർഡിലേക്ക് അടക്കണം. ഇതൊഴിവാക്കാൻ മിക്കവരും അതാത് ദിവസം സപ്ലെയർ തുക രേഖപ്പെടുത്തില്ല.
ഇതിനായി കാർബൺ കോപ്പി ഇല്ലാതെ ചീട്ടാക്കുന്ന രസീതായിരിക്കും ഹാജരാക്കുക. സ്വാഭാവികമായും കാർബൺ കോപ്പി രസീത് ഇല്ലാത്തതിനാൽ ഫോം 7 അംഗീകരിക്കുകയാണ് പതിവ്. ഇത് സാക്ഷ്യപ്പെടുത്തേണ്ടത് അതിന് തൊട്ടുവർഷം മുമ്പ് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം നേരിടുന്ന ഓഫീസറും. കണ്ടിയൂർ അടക്കം ക്ഷേത്രങ്ങളിൽ നിന്നും ലക്ഷങ്ങൾ വരെ തിരിമറി നടത്തിയ ചില ജീവനക്കാരുണ്ട്.

