തിരുവനന്തപുരം: മനുഷ്യ മാംസം പച്ചക്ക് തിന്നുന്ന കൂട്ടരാകുകയാണ് ലോൺ ആപ്പുകൾ. കഴിഞ്ഞ 22 മാസത്തിനിടെ ഇക്കൂട്ടർ കേരളത്തിൽ മാത്രം കൊന്നു തള്ളിയത് രണ്ട് കുടുംബം അടക്കം 12 ജീവനുകളാണ്. സ്വകാര്യത കവർന്ന് ഫോട്ടോകൾ മോർഫ് ചെയ്ത് ഭീഷണി മുഴക്കുന്ന ഇക്കൂട്ടർ പഴയ കാലങ്ങളിലെ കൊള്ളപ്പലിശക്കാരെ പോലും നാണിപ്പിക്കുന്ന തരത്തിൽ മനുഷ്യ ജീവൻ തിന്നുകയാണ്. ഏറ്റവുമൊടുവിൽ സിപിഎം സൈബർ പ്രവർത്തകനും നിയമ വിദ്യാർഥിയുമായ അബു അരീക്കോടിന്റെ മരണകാരണവും മനുഷ്യ മാംസം തിന്ന് ജീവിക്കുന്ന ലോൺ ആപ്പുകാരുടെ ഭീഷണിയാണ്.
2023 സെപ്തംബർ മുതൽ 22 മാസത്തിനിടെ 12 പേരെയാണ് ഇക്കൂട്ടർ കൊന്നു തള്ളിയത്. ആത്മഹത്യാ ശ്രമം നടത്തിയവർ അനവധി.
കേസുകൾ
2025 നവംബർ 9 : അരീക്കോട് സ്വദേശിയും മർക്കസ് ലോ കോളേജ് വിദ്യാർഥിയും സിപിഎം സൈബർ പ്രവർത്തകനുമായ അബു അരീക്കോട്.
2025 ഒക്ടോബർ 10 : കാസർകോട് ജില്ലയിലെ മഞ്ചേശ്വരം കടമ്പാർ സ്വദേശികളായ ചമ്പപ്പദവ് അജിത്, ഭാര്യയും അധ്യാപികയുമായ ശ്വേത.
2024 ആഗസ്ത് 20 : പെരുമ്പാവൂർ കാണിച്ചാട്ടുപാറ വേങ്ങൂർ ആരുവാപ്പാറ കുറിയാപ്പുറം വീട്ടിൽ ആരതി.
2023 സെപ്റ്റംബർ 16 : വയനാട് ജില്ലയിലെ ബത്തേരി അരിമുള സ്വദേശിയും ലോട്ടറി കച്ചവടക്കാരനുമായ അജയ് രാജ്.
2023 സെപ്റ്റംബർ 13 : എണാകുളം ജില്ലയിലെ കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍.
ഇതിനുപുറമെയാണ് പത്തനംതിട്ട തിരുവല്ലയിൽ ഒരു യുവാവ് അടക്കം 3 പേരുടെ ആത്മഹത്യ. (ഇത് ഓൺലൈൻ വാതുവെപ്പ് എന്നാണ് പൊലീസ് ഭാഷ്യം).
2022 ആഗസ്ത് 20 : തൃശൂർ ജില്ലയിലെ ആത്മഹത്യാ ശ്രമം.
2022 ആഗസ്ത് : കോഴിക്കോട് യുവതിയുടെ ആത്മഹത്യാശ്രമം.
പൊലീസ് നടപടി
ഇതുവരെ ആകെ അറസ്റ്റ് ചെയ്തത് നാലുപേരെ. ഗുജറാത്ത് സ്വദേശികളായ നാലുപേരെ. വയനാട് സ്വദേശി അജയ് രാജിന്റെ മരണത്തിലാണ് ഈ അറസ്റ്റ്.
ബാക്കി കേസുകളിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നു. പെരുമ്പാവൂർ സ്വദേശിനിയുടെ ആത്മഹത്യയിൽ അന്വേഷണം നടത്തിയ പൊലീസ് 34 തട്ടിപ്പ് ഓൺലൈൻ വായ്പ ആപ്പുകൾ കണ്ടെത്തി. തുടർ പരിശോധന എങ്ങുമെത്തിയില്ല.
സാമ്പത്തികതട്ടിപ്പിന്റെ പുതിയ മുഖം
ജാമ്യക്കാരോ കൂടുതൽ നിബന്ധനകളോ ഇല്ല. അതിവേഗം പണം ലഭിക്കുന്നു. പരമാവധി 25000 രൂപ വരെ വായ്പ. ലോൺ ആപ്പുകൾ വഴി വായ്പ എടുക്കുന്ന ആളുകളുടെ എണ്ണം കൂടുമ്പോൾ, കുരുക്കുകളിൽ പെടുന്നവരുടെ എണ്ണവും അതിലേറെ കൂടുന്നു. പണം തിരിച്ചടവ് മുടങ്ങിയാൽ ഭീഷണിയും പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കലും. പണം കൃത്യമായി തിരിച്ചടക്കുന്നവരെ കൂടുതൽ പണം തിരിച്ചടയ്ക്കാനും ആവശ്യപ്പെട്ട് സന്ദേശങ്ങളും വിളികളും എത്തുന്നു.
മരണക്കെണി
കേരള പൊലീസിന്റെ കണക്കുകൾ പ്രകാരം ദിവസവും നൂറ് കണക്കിനാളുകളാണ് ലോൺ ആപ്പുകാരുടെ കെണിയിൽ വീഴുന്നത്. നിരവധി പേരാണ് ആപ്പുകളുടെ ഭീഷണിയെയും മോർഫ് ചെയ്ത ചിത്രങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചതോടെ ജീവനൊടുക്കിയത്.
ഏഴ് ദിവസം മുതൽ ഒമ്പത് മാസം വരെ തിരിച്ചടവ് കാലാവധി. 20 മുതൽ 46 ശതമാനം വരെ പലിശ. ഒരു അടവ് മുടങ്ങിയാൽ പലിശ 55 ശതമാനം വരെ. വായ്പാ നടപടി ഫീസ് എന്ന പേരിൽ ചുരുങ്ങിയത് 18 ശതമാനം ചാർജ്.
ഓൺലൈൻ വായ്പാ ആപ്പുകളെ നിയന്ത്രിക്കാൻ ഉടൻ നിയമം കൊണ്ടു വരുമെന്ന് മുൻ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നേരത്തെ വ്യക്തമാക്കിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല. ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നിലവിലെ ഐടി നിയമങ്ങളിൽ പരിമിതികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്ലേ സ്റ്റോറിൽ അടക്കം ലഭ്യമായ ആപ്പുകൾ ഇപ്പോൾ നിലവിലുണ്ട്. ഇത്തരം നിയമ വിരുദ്ധ ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കാൻ വ്യവസ്ഥകളുള്ള നിയമമാണ് കേന്ദ്രസർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അന്ന് വ്യക്തമാക്കുകയും ചെയ്തു.
ശ്രദ്ധിക്കുക
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. വിഷമ സന്ധികൾ ഉണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കുക. സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ 1056 എന്ന നമ്പറിൽ വിളിക്കുക.

