തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് അഭിമാനമായി, തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ചരിത്ര നേട്ടം കൈവരിച്ചു. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കർ ചികിത്സ വിജയകരമായി പൂർത്തിയാക്കിയ ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജ് ആയി തിരുവനന്തപുരം മെഡിക്കൽ കോളേജ് മാറി.
അഞ്ചൽ സ്വദേശിയായ 74 വയസ്സുള്ള രോഗിയിലാണ് ഈ വിപ്ലവകരമായ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. മികച്ച ചികിത്സയ്ക്ക് നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
എന്താണ് മൈക്ര ലീഡ്‌ലെസ് പേസ്‌മേക്കർ?
പേസ്‌മേക്കർ ലീഡുകളുടെ ആവശ്യമില്ലാതെ ഹൃദയത്തിലേക്ക് നേരിട്ട് സ്ഥാപിക്കുന്ന നൂതന ഉപകരണമാണ് മൈക്ര ലീഡ്‌ലെസ് പേസ്‌മേക്കർ. ഈ സാങ്കേതികവിദ്യ പേസ്‌മേക്കർ ഘടിപ്പിക്കുന്നത് വഴിയുള്ള സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഹൃദയമിടിപ്പ് കുറയാതെ ഇരിക്കുന്നതിനും ഹൃദയത്തിന്റെ താളം തെറ്റൽ ക്രമീകരിക്കുന്നതിനും ഈ ചികിത്സാ രീതി സഹായകമാണ്. സങ്കീർണതകൾ കുറയ്ക്കുക, മുറിപ്പാടുകൾ കുറയ്ക്കുക, രോഗിയുടെ വേഗത്തിലുള്ള ശാരീരികാവസ്ഥ വീണ്ടെടുക്കൽ എന്നിവ ഈ അത്യാധുനിക ചികിത്സയുടെ പ്രത്യേകതകളാണ്.
കാർഡിയോളജി വിഭാഗം മേധാവി പ്രൊഫ. മാത്യു ഐപ്പ്, പ്രൊഫ. സിബു മാത്യു, പ്രൊഫ. കൃഷ്ണകുമാർ ബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രൊസീജിയർ നടത്തിയത്. പേസ്‌മേക്കർ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. അരുൺ ഗോപിയുടെ മാർഗനിർദേശത്തിൽ പ്രൊഫ. സുരേഷ് മാധവൻ, പ്രൊഫ. പ്രവീൺ വേലപ്പൻ, ഡോ. ലയസ് മുഹമ്മദ് ഉൾപ്പെടെയുള്ള വിദഗ്ധ കാർഡിയോളജിസ്റ്റുകളും നഴ്സിംഗ് ഓഫീസർമാർ, ടെക്നീഷ്യൻമാർ എന്നിവരുൾപ്പെട്ട കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ പൂർത്തിയാക്കിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ, സൂപ്രണ്ട് ഡോ. ജയചന്ദ്രൻ എന്നിവർ ചികിത്സാ ഏകോപനം നിർവ്വഹിച്ചു.

