തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം സുഗമമാക്കുന്നതിനായി 74.34 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമായാണ് ഈ തുക കോർപ്പറേഷന് കൈമാറുന്നത്.
ഈ വർഷം (2025-26) ഇതുവരെയായി കെഎസ്ആർടിസിക്ക് ആകെ 933.34 കോടി രൂപയാണ് സർക്കാർ സഹായമായി ലഭിച്ചത്. ഇതിൽ പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിനായി 583.44 കോടി രൂപയുമാണ് ഉൾപ്പെടുന്നത്. ഈ വർഷം ബജറ്റിൽ കോർപ്പറേഷനായി വകയിരുത്തിയത് 900 കോടി രൂപയായിരുന്നു.
സർക്കാർ സഹായത്തിന്റെ കണക്കുകൾ
കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ച 900 കോടി രൂപയ്ക്ക് പുറമെ 676 കോടി രൂപ അധികമായി കോർപ്പറേഷന് സർക്കാർ സഹായം ലഭിച്ചിരുന്നു.
നിലവിലെ സർക്കാരിന്റെ (രണ്ടാം പിണറായി സർക്കാർ) കാലയളവിൽ മാത്രം 7904 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സഹായമായി ലഭിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 5002 കോടി രൂപ ലഭിച്ചിരുന്നു. ഇതോടെ ഒന്നും രണ്ടും പിണറായി സർക്കാരുകൾ ചേർന്ന് ആകെ 12,906 കോടി രൂപ കോർപ്പറേഷന് സഹായമായി നൽകി. കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അഞ്ചു വർഷത്തിൽ നൽകിയത് 1467 കോടി രൂപ മാത്രമായിരുന്നു.

