തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം തലവനും സയൻസ് വിഭാഗം ഡീനും, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. സി.എ. നൈനാൻ (97) തിരുവനന്തപുരത്ത് നിര്യാതനായി.
സസ്യലോകത്തെ ഏറ്റവും കൂടുതൽ ക്രോമസോം ഉള്ള സസ്യം എന്ന റെക്കോർഡുള്ള ഓഫിയോഗ്ലോസം റെറ്റിക്കുലേറ്റം (2n=1260) എന്ന സസ്യത്തിന്റെ ക്രോമസോം സംഖ്യ കണ്ടെത്തിയത് ഡോ. സി.എ. നൈനാന്റെ ചരിത്രപരമായ ഗവേഷണമായിരുന്നു.
വൈജ്ഞാനിക ഗ്രന്ഥങ്ങൾ, അവാർഡുകൾ
ഇരുന്നൂറിലധികം അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കീഴിൽ പതിമൂന്ന് ഗവേഷകർ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ‘DNA വഴി ജീവാത്മാവിലേക്ക്’ (മലയാളം) എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
Cell to self, DNA to Divinity, Cosmic Code of Life, ജീവൻ്റെ രഹസ്യം, Ferns and Lycophytes of Kerala Taxonomy Cytology and Evolution എന്നിവയാണ് ലോകപ്രശസ്തമായ അദ്ദേഹത്തിന്റെ മറ്റ് കൃതികൾ.
ശാസ്ത്ര ഗവേഷണ മികവിന് കേരള യൂണിവേഴ്സിറ്റി ഏർപ്പെടുത്തിയ ശ്രീ ചിത്തിര പ്രൈസ് രണ്ട് തവണയും കേരള സയൻസ് ആൻഡ് ടെക്നോളജി അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
നാല് ഡോക്ടറേറ്റുകൾ, ആത്മീയ രംഗത്തും പ്രശസ്തൻ
Ph.D, Th.D, D.D., D. Litt. ഉൾപ്പെടെ നാല് ഡോക്ടറേറ്റ് ഡിഗ്രികളുടെ ഉടമയായിരുന്നു ഡോ. നൈനാൻ. ശാസ്ത്രവും സഭയും സംയോജിപ്പിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. പരമോന്നത അന്ത്യോഖ്യാ സിംഹാസനം ഷെവലിയർ, കമാൻഡർ എന്നീ പദവികളും ഡോക്ടറേറ്റും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മീയ പ്രസംഗങ്ങൾ യൂട്യൂബിൽ ലഭ്യമാണ്.
ചെങ്ങന്നൂർ കൈലാത്ത് കുടുംബാംഗമാണ്. പരേതയായ കുഞ്ഞമ്മ നൈനാൻ ആണ് ഭാര്യ. മക്കൾ: ഡോ. ആൻഡ്രൂസ് നൈനാൻ (യു എസ് എ), ഡോ. ഷീബ ജോൺ (സൗദി അറേബ്യാ), താരാ കോശി (എഞ്ചിനീയർ, തിരുവനന്തപുരം), ഡോ. മാമ്മൻ നൈനാൻ (യൂ കെ). മരുമക്കൾ: ഡോ. ലിസി ആൻഡ്രൂസ് (യു എസ് എ ), എഞ്ചിനീയർ ജോൺ തോമസ് (സൗദി അറേബ്യാ), എഞ്ചിനീയർ കോശി കുര്യാക്കോസ് (കൂടംകുളം), എമ്മ മാമ്മൻ (യൂ കെ).

