കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉടമയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ അപകീർത്തികരവും തെറ്റിദ്ധാരണാജനകവുമായ വാർത്തകൾ തുടർച്ചയായി സംപ്രേഷണം ചെയ്തതിന് റിപ്പോർട്ടർ ടി.വിക്ക് വക്കീല്‍ നോട്ടീസ്. സ്ഥാപനത്തിന്റെ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ, കണ്‍സള്‍ട്ടിങ് എഡിറ്റർ ഡോ. അരുണ്‍കുമാർ, കോ ഓർഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോ ഓർഡിനേറ്റർ ജിമ്മി ജെയിംസ്, കോ ഓർഡിനേറ്റിങ് എഡിറ്റർ സുജയ പാർവതി, റിപ്പോർട്ടർമാരായ ടി.വി. പ്രസാദ്, റഹീസ് റഷീദ്, ആർ. റോഷിപാല്‍ എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
തന്റെ വ്യക്തിപരമായ ജീവിതത്തെയും ഔദ്യോഗിക രാഷ്ട്രീയ ജീവിതത്തെയും ഗുരുതരമായി ബാധിക്കുന്ന വാർത്തകൾ സംപ്രേഷണം ചെയ്തതിന് 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക രാജീവ് ചന്ദ്രശേഖർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും നോട്ടീസിൽ പറയുന്നു.
നോട്ടീസിലെ പ്രധാന ആരോപണങ്ങൾ:
- ഒക്ടോബർ 26, 2025-ന് റിപ്പോർട്ടർ ടി.വി. ചാനലിലും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സംപ്രേക്ഷണം ചെയ്ത വാർത്തകൾ തെറ്റിദ്ധാരണാജനകവും അപകീർത്തികരവുമാണ്.
- വാർത്തകളിൽ രാജീവ് ചന്ദ്രശേഖറിനെ ‘കള്ളൻ’ എന്ന് വിളിക്കുകയും സർക്കാർ ഭൂമി നിയമവിരുദ്ധമായി വിറ്റ് 500 കോടിയിലധികം രൂപയുടെ ‘മോഷണം’ നടത്തിയെന്ന് ആരോപിക്കുകയും ചെയ്തു.
- അദ്ദേഹം “BPL കമ്പനിയുടെ” തലവനാണെന്നും വാർത്തയിൽ ആരോപിച്ചു. എന്നാൽ, രാജീവിന് ‘ബിപിഎൽ ലിമിറ്റഡുമായി’ സാമ്പത്തികമായോ ഓഹരിപരമായോ മറ്റേതെങ്കിലും നിലയിലോ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല.
- ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നപ്പോൾ ലഭിച്ച സ്വാധീനം ഉപയോഗിച്ച് കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി കോടികൾക്ക് മറിച്ചുവിറ്റെന്നും ആരോപിച്ചു.
- ഈ വാർത്തകൾ കാരണം രാജീവ് ചന്ദ്രശേഖറിന്റെ ധാർമികതയും വിശ്വാസ്യതയും കളങ്കപ്പെട്ടതായും രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്തുവെന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചതായും നോട്ടീസിൽ പറയുന്നു.
- സംപ്രേഷണം ചെയ്ത വാർത്തകൾ രാഷ്ട്രീയ പ്രേരിതമാണെന്നും രാജീവ് ചന്ദ്രശേഖറിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ ബിജെപി പാർട്ടിയുടെ മുഴുവൻ പ്രതിച്ഛായയെയും കളങ്കപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
നോട്ടീസിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ:
- RHP Partners മുഖേന അയച്ച നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണമെന്നാണ് ആവശ്യം:
- അപകീർത്തികരമായ വാർത്തകളും അതുമായി ബന്ധപ്പെട്ട എല്ലാ ലേഖനങ്ങളും എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പിൻവലിക്കുക.
- റിപ്പോർട്ടർ ടി.വി.യുടെ മാധ്യമത്തിലൂടെ എഴുതിയുള്ള പരസ്യമായ മാപ്പ് രാജീവ് ചന്ദ്രശേഖറിന് നൽകുക.
- ഭാവിയിൽ ക്ലയിന്റിനെതിരെ തെറ്റായ പ്രസ്താവനകൾ സംപ്രേഷണം ചെയ്യുന്നത് നിർത്തുക.
- മാനഹാനി, മാനസിക ക്ലേശം, പൊതുജനമധ്യത്തിലെ നാണക്കേട് എന്നിവയ്ക്ക് നഷ്ടപരിഹാരമായി 100 കോടി രൂപ നൽകുക.
- ഈ ആവശ്യങ്ങൾ പാലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ക്രിമിനൽ, സിവിൽ കേസുകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, വാർത്താ ചാനലിന് ചേർന്നതല്ലാത്ത ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിവരം, പ്രക്ഷേപണ മന്ത്രാലയത്തിൽ പരാതി നൽകുന്നതും ആലോചിക്കുന്നുണ്ട്.
