അഡ്‌ലെയ്ഡ് ∙ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ താരം വിരാട് കോലിയുടെ വിക്കറ്റെടുത്ത ഓസ്ട്രേലിയൻ പേസർ സേവ്യർ ബാർട്ട്‌ലെറ്റിനു നേരെ സൈബറാക്രമണം. ഇൻസ്റ്റഗ്രാമിൽ ബാർട്ട്‌ലെറ്റ് പങ്കുവച്ച ചിത്രങ്ങൾക്കു താഴെയാണ് താരത്തിനെതിരെയും കോലിയെ അനുകൂലിച്ചും കമന്റുകൾ നിറഞ്ഞത്. ഐപിഎലിൽ പഞ്ചാബ് കിങ്സ് താരമായ ബാർട്ട്‌ലെറ്റ്, പഞ്ചാബ് ജഴ്‌സിയിൽ പങ്കുവച്ച ചിത്രത്തിനു താഴെവരെ കമന്റുകളുണ്ട്. ചിലർ കോലിയെ പിന്തുണയ്ക്കുമ്പോൾ മറ്റു ചിലർ അതിരുകടന്ന്, ബാർട്ട്‌ലെറ്റിനെ രൂക്ഷ ഭാഷയിൽ അസഭ്യം പറയുന്നുമുണ്ട്.
കരിയറിൽ ആദ്യമായി തുടർച്ചയായ ‘ഡക്ക്’, കാണികളെ ഗ്ലൗസ് ഉയർത്തി അഭിവാദ്യം ചെയ്ത് കോലി; ഇതു വിടവാങ്ങൽ? – വിഡിയോ
അഡ്‌ലെയ്ഡിൽ നടന്ന മത്സരത്തിൽ, രണ്ടു വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 46.2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഓസീസ് ലക്ഷ്യം കണ്ടു. ഇന്ത്യൻ ഇന്നിങ്സിൽ ഏഴാം ഓവറിലാണ് ബാർട്ട്‌ലെറ്റിന്റെ ഇരട്ടപ്രഹരം. ആദ്യ പന്തിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയ താരം, അഞ്ചാം പന്തിലാണ് കോലിയെ വിക്കറ്റിനു മുന്നിൽ കുരുക്കിയത്. തുടർച്ചയായി ഔട്ട്‌സ്വിങ്ങറുകൾ എറിഞ്ഞ് കോലിയെ പ്രതിരോധത്തിലാക്കിയ ബാർട്ട്‌ലെറ്റിന്റെ തന്ത്രം ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ കോലി സംപൂജ്യനായി പുറത്ത്.
17 വർഷം നീണ്ട ഏകദിന കരിയറിൽ, ആദ്യമായാണ് കോലി തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ‘ഡക്ക്’ ആകുന്നത്. മോശം പ്രകടനത്തിനു പിന്നാലെ കോലി വിരമിക്കണമെന്ന മുറവിളിയും ഉയരുർന്നു. ഇതിന്റെ നിരാശയും ദേഷ്യവുമാകാം ആരാധകർ സമൂഹമാധ്യമങ്ങളിൽ കാണിച്ചത്. പക്ഷേ അതിരുകടന്ന സൈബറാക്രമണത്തിനെതിരെ രൂക്ഷമായ വിമർശനമുണ്ട്. മത്സരത്തിൽ ആകെ മൂന്നു വിക്കറ്റുകളാണ് ബാർട്ട്‌ലെറ്റ് വീഴത്തിയത്. 10 ഓവറിൽ 60 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഓസീസ് സ്പിന്നർ ആഡം സാംപയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

