തിരുവനന്തപുരം: ‘എന്ത് സിപിഐ’ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പരസ്യ ചോദ്യത്തിന് പിന്നാലെ, കേന്ദ്ര പദ്ധതിയായ ‘പിഎം ശ്രീ’യിൽ (PM SHRI) സംസ്ഥാന സർക്കാർ ഏകപക്ഷീയമായി ഒപ്പുവെച്ചത് സിപിഐ നേതൃത്വത്തിന് കനത്ത അവഗണനയായി. ഇതോടെ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവർ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്.
“പിഎം ശ്രീയിൽ ഒപ്പിട്ടുവെന്ന വാർത്ത സത്യമാണെങ്കിൽ” എന്ന ബിനോയ് വിശ്വത്തിൻ്റെ ആദ്യ പ്രതികരണം തന്നെ സർക്കാർ നടപടി എത്രത്തോളം സിപിഐയെ ഞെട്ടിച്ചു എന്നതിൻ്റെ തെളിവായി. സിപിഐയെ അവഗണിക്കില്ലെന്ന സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നൽകിയ ഉറപ്പ് പോലും പാലിക്കപ്പെടാതെ വന്ന സാഹചര്യത്തിൽ കടുത്ത അതൃപ്തിയാണ് പാർട്ടിക്കുള്ളിൽ പുകയുന്നത്.
ഒളിച്ചു വെച്ച രഹസ്യ നീക്കങ്ങൾ
വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് സിപിഎം നേതൃത്വം ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഈ ഉറപ്പിൽ സിപിഐ വിശ്വസിച്ചിരിക്കുമ്പോഴും, പിഎം ശ്രീയിൽ ഒപ്പിടാനുള്ള തിരക്കിട്ട ചർച്ചകളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിൽ നടന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ള സംഘം ഡൽഹിയിൽ തങ്ങി കേന്ദ്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തി. എന്നാൽ, ഈ നിർണായക നീക്കങ്ങൾ സർക്കാരും സിപിഎമ്മും സിപിഐയിൽ നിന്ന് പൂർണ്ണമായി ഒളിച്ചുവെച്ചു. ഇത് മുന്നണി മര്യാദയുടെ കടുത്ത ലംഘനമാണെന്ന് സിപിഐ വിലയിരുത്തുന്നു.
അടിയറവ് വെച്ച ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ നിലപാട്
ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സംസ്ഥാന കൗൺസിലിൽ ഉൾപ്പെടെ ഉറപ്പിച്ചു പറഞ്ഞ സിപിഐ സംസ്ഥാന നേതൃത്വമാണ് ഇപ്പോൾ പ്രതിരോധത്തിലായിരിക്കുന്നത്. പിഎം ശ്രീയിൽ ഒപ്പുവെക്കുന്നതോടെ, ധാരണാപത്രം അനുസരിച്ച് 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ മുഴുവൻ നിബന്ധനകളും സംസ്ഥാനത്ത് പൂർണ്ണമായി നടപ്പാക്കേണ്ടി വരുമെന്ന് പദ്ധതിരേഖയിൽ വ്യക്തമാക്കുന്നു.
ദേശീയ തലത്തിൽ ഇടതുപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നായിരുന്നു സിപിഐയുടെ നിലപാട്. എങ്കിലും, കിട്ടാനുള്ള കേന്ദ്ര ഫണ്ടിനു മുന്നിൽ നിലപാടുകൾ അടിയറവ് വെച്ച് സിപിഎമ്മും സർക്കാരും മുന്നോട്ട് പോകുമ്പോൾ, കടുത്ത നടപടികളിലേക്ക് കടക്കാൻ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന ഘട്ടത്തിൽ സിപിഐക്ക് എത്രത്തോളം കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. മുന്നണിയിൽ ഒരു പരിഗണനയുമില്ലാത്ത പാർട്ടിയായി മാറിയാൽ അത് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയും സിപിഐ നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.

