ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായുള്ള ‘പിഎം ശ്രീ’ (PM SHRI) പദ്ധതിയുമായി സഹകരിക്കാനുള്ള കേരളത്തിൻ്റെ തീരുമാനത്തെ പ്രശംസിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്. വിഷയം കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും മുന്നണി പോരിനും വഴിവെക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടെ ടാഗ് ചെയ്തുകൊണ്ട് മന്ത്രാലയം ഔദ്യോഗിക ‘എക്‌സ്’ അക്കൗണ്ടിൽ അഭിനന്ദനം അറിയിച്ചത്.
കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ വളർച്ചയിലെ നാഴികക്കല്ല് എന്നാണ് ഈ നടപടിയെ വിദ്യാഭ്യാസ മന്ത്രാലയം വിശേഷിപ്പിച്ചത്. പദ്ധതിയിലൂടെ കേരളത്തിലെ സ്കൂളുകൾക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കും. സ്മാർട്ട് ക്ലാസ് റൂമുകൾ, അനുഭവ പഠനം, നൈപുണ്യ വികസനം എന്നിവ കേന്ദ്രീകരിച്ചുള്ള ദേശീയ വിദ്യാഭ്യാസ നയം പ്രകാരം സ്കൂളുകൾ മികവിൻ്റെ കേന്ദ്രങ്ങളാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഗുണനിലവാരമുള്ളതും സമഗ്രവുമായ വിദ്യാഭ്യാസം നൽകാൻ കേരളത്തിനൊപ്പം പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് രാഷ്ട്രീയ പോര് രൂക്ഷം
അതേസമയം, സംസ്ഥാന സർക്കാരിൻ്റെ ഏകപക്ഷീയമായ തീരുമാനത്തിൽ രാഷ്ട്രീയ തർക്കം രൂക്ഷമാവുകയാണ്. മുന്നണിയിലും മന്ത്രിസഭയിലും ശക്തമായ എതിർപ്പ് ഉയർന്നിട്ടും പദ്ധതിയുമായി മുന്നോട്ട് പോയതിൽ സിപിഐക്ക് കടുത്ത എതിർപ്പാണുള്ളത്.
സർക്കാർ നിലപാട് വിദ്യാർത്ഥികളോടുള്ള വഞ്ചനയാണെന്നാണ് എഐഎസ്എഫ് വിമർശനം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നുകൊടുക്കുന്നതിന് തുല്യമാണ് സർക്കാരിൻ്റെ നടപടിയെന്ന് കെഎസ്‌യു ആരോപിച്ചു. സർക്കാരിൻ്റെ നടപടി ഒരു വലിയ ‘ഡീലിൻ്റെ’ ഭാഗമാണ്. ഇത് വരും തലമുറയോട് ചെയ്ത പാതകമാണെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി. പിഎം ശ്രീയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ജനതയെ ഒറ്റുകയാണെന്നാണ് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസിൻ്റെ പ്രതികരണം.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിയിൽ ആശങ്കയുണ്ടെന്ന് എസ്എഫ്ഐയും പ്രതികരിച്ചു. പാഠപുസ്തകങ്ങളിൽ കേന്ദ്ര സർക്കാരിൻ്റെ ഇടപെടലും കരിക്കുലത്തിലെ കാവിവൽക്കരണവും അനുവദിക്കില്ലെന്നും, വിഷയത്തിലുള്ള ആശങ്ക സർക്കാരിനെ അറിയിച്ചിരുന്നു എന്നും സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

