പൗരത്വ നിയമ ഭേദഗതി: നാളെ യു.ഡി.എഫ് പ്രതിഷേധം

insight kerala

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി (CAA) നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാർച്ച് 12ന് യു.ഡി.എഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാളത്തെ മണ്ഡലതല പ്രതിഷേധം. (Protests against the Citizenship Amendment Act (CAA) in Kerala by the UDF)

ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസും യു.ഡി.എഫും ചെറുക്കും. നിയമം നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. വ്യാപകമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

“ബി.ജെ.പിയുടേത് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ഹീനമായ ഫാഷിസ്റ്റ് തന്ത്രം”

പൗരത്വ നിയമം നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് പരസ്പരം ശത്രുക്കളാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിര്‍ത്താനുള്ള ഹീനമായ ഫാഷിസ്റ്റ് തന്ത്രമാണ് ബി.ജെ.പി നടപ്പാക്കുന്നത്. ഒരാള്‍ രാജ്യത്ത് ജീവിക്കണമോയെന്ന് തീരുമാനിക്കാന്‍ ഭരണകൂടത്തിന് എന്ത് അവകാശമാണുള്ളത്? സര്‍ക്കാര്‍ പൗരത്വത്തെ ചോദ്യം ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ ഉത്കണ്ഠയുണ്ടാക്കും. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പ്രാണപ്രതിഷ്ഠ നടത്തി മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലര്‍ത്തിയുള്ള നാടകമുണ്ടായത്. അതിന്റെ തുടര്‍ച്ചയാണ് പൗരത്വ ഭേദഗതി നിയമവും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പൗരത്വ നിയമം കേന്ദ്ര സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്.

പൗരത്വ നിയമനത്തിനെതിരെ മുസ്ലീംലീഗ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നിയമം നടപ്പാക്കാന്‍ ആലോചിക്കുന്നേയില്ലെന്ന മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നത്. അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ച് ബി.ജെ.പി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിച്ചെങ്കിലും മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലര്‍ത്താനുള്ള ശ്രമമാണെന്ന കോണ്‍ഗ്രസ് നിലപാടാണ് രാജ്യം അംഗീകരിച്ചത്. ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ പുതിയ ആയുധമെടുത്തിരിക്കുന്നത്. ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നത്. ഈ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് അതിശക്തമായി നേരിടും. ഒരു കാരണവശാലും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങളെ അനുകൂലിക്കില്ല. നിയമത്തിനെതിരെ ദേശവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തില്‍ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികള്‍ ഉള്‍പ്പെടെ സഹകരിക്കും.

Share This Article