മദ്രസ പൊളിച്ചതിന്റെ പേരിൽ സംഘർഷം, നാല് പേർ കൊല്ലപ്പെട്ടു, 100 പേർക്ക് പരിക്ക്, സംഭവം ഉത്തരാഖണ്ഡിൽ

insight kerala

നൈനിറ്റാൾ : ജില്ലയിലെ ഹൽദ്‌വാനി പ്രദേശത്ത് മദ്രസ പൊളിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു.ബൻഭൂൽപുരയിൽ “അനധികൃതമായി നിർമ്മിച്ച” മദ്രസ തകർത്തതിന്റെ പേരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമങ്ങളിൽ നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷം പടർന്നതോടെ ജില്ലാ മജിസ്‌ട്രേറ്റ് ബൻഭൂൽപുരയിൽ കർഫ്യൂ ഏർപ്പെടുത്തി.സ്കൂളുകൾ അടച്ചിടാനും നിർദ്ദേശം നൽകി. മൊബൈൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണെന്നും മജിസ്ട്രേറ്റിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ ഭൂമി കൈയേറി നിർമിച്ചു എന്നാരോപിച്ചാണ് മുനിസിപ്പൽ കോർപറേഷൻ അധികൃതർ മദ്രസ കെട്ടിടം തകർക്കുകയായിരുന്നു. തുടർന്നാണ് ഹൽദ്വാനിയിൽ സംഘർഷമുണ്ടായത്. കൈയേറിയ മൂന്ന് ഏക്കർ തിരിച്ചുപിടിച്ചിരുന്നതായും സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച മദ്രസയ്‌ക്കെതിരെ നേരത്തെ നോട്ടീസ് നൽകി മദ്രസ കെട്ടിടം പൂട്ടി സീൽ ചെയ്തിരുന്നതായും മുനിസിപ്പൽ കമീഷണർ പങ്കജ് ഉപാധ്യായ് പറഞ്ഞു. ഏതാനും ദിവസങ്ങളായി കോർപറേഷന്റെ നേതൃത്വത്തിൽ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം പൊളിച്ച മദ്രസയ്ക്കെതിരെ ഹൈക്കോടതി അന്തിമ വിധി നൽകിയിട്ടില്ലെന്ന് പ്രദേശത്തെ കൗൺസിലറും വാദമുയർത്തി. ബൻഭൂൽപുര പോലീസ് സ്‌റ്റേഷന് പുറത്ത് നടന്ന അക്രമത്തിൽ ചിലർ വെടിയുതിർത്തതായി നൈനിറ്റാൾ ജില്ലാ മജിസ്‌ട്രേറ്റ് വന്ദന പറഞ്ഞു. മറുപടിയായി പൊലീസ് ആകാശത്തേക്ക് വെടിവച്ചു.

വെടിയേറ്റ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു. മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്. പൊലീസ് വെടിവയ്പിലാണോ, അതോ അവരിലെ ആളുകളുടെ വെടിവെപ്പിൽ ആണോ അവർ മരിച്ചത് എന്നറിയാൻ കാത്തിരിക്കണമെന്നും അവർ പറഞ്ഞു.

കലാപകാരികൾ ബൻഭൂൽപുര പൊലീസ് സ്‌റ്റേഷന് കത്തിക്കാൻ ശ്രമിച്ചു. ആ സമയത്ത്, പൊലീസുകാർ സ്റ്റേഷനിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും, പൊലീസ് സേന അവരെ നിയന്ത്രിച്ചു. സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. അക്രമം ബൻഭൂൽപുരയ്ക്ക് സമീപമുള്ള ഗാന്ധി നഗർ പ്രദേശത്തേക്ക് വ്യാപിച്ചതായും അവർ പറഞ്ഞു.

അതേസമയം, അക്രമം നടന്ന പ്രദേശം സംസ്ഥാന ചീഫ് സെക്രട്ടറി ഇന്ന് സന്ദർശിക്കും. ജനക്കൂട്ടം ഇന്നലെ പൊലീസ് സ്റ്റേഷൻ വളഞ്ഞതായി ഡിജിപി അഭിനവ് കുമാർ പറഞ്ഞു. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു. അക്രമത്തിലെ മരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നാണ് ഡിജിപി അറിയിച്ചത്. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

Share This Article