‘പത്മ’ പുരസ്കാരം നല്‍കേണ്ട ആദ്യപേരുകാരന്‍ മമ്മൂട്ടി: വി.ഡി.സതീശന്‍

insight kerala

പത്മപുരസ്കാര പ്രഖ്യാപനത്തില്‍ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പ്. പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പത്മ പുരസ്കാരങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ, എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങിയ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും പത്മ പുരസ്കാരങ്ങൾ അകന്നു നിൽക്കുകയാണെന്നും ആ പട്ടിക ഇനിയും

നീളുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പത്മ പുരസ്കാരങ്ങളുടെ വാര്‍ത്ത കണ്ടപ്പോള്‍ തനിക്കു മമ്മൂട്ടിയെ ആണു ഒാര്‍മ വന്നതെന്നും 1998ലെ പത്മശ്രീക്കു ശേഷം അദ്ദേഹം അവിടെ തന്നെ നില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതിക്കു പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ലെന്നും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത കുറിപ്പില്‍ സതീശന്‍ പറഞ്ഞു. വി.ഡി. സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പത്മ പുരസ്കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.
ചിരഞ്ജീവിക്ക് പത്മവിഭൂഷൺ, മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ എന്ന വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളിൽ വായിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ൽ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നിൽക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാൻ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ല.
പി.ഭാസ്കരൻ മാഷിൻ്റെയും ഒ.എൻ.വിയുടേയും സമകാലികനാണ് ശ്രീകുമാരൻ തമ്പി. പത്മ പുരസ്ക്കാരത്തിന് എന്നേ അർഹൻ. എന്താണ് പുരസ്കാര പട്ടികയിൽ ആ പേരില്ലാത്തത്?
രാജ്യം നൽകുന്ന ആദരമാണ് പത്മ പുരസ്കാരങ്ങൾ. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കൽപ്പത്തെ കൂടുതൽ ഉജ്വലമാക്കുന്നതാവണം രാജ്യം നൽകുന്ന ആദരം.
എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ.

Share This Article