സോളാറില്‍ ഗണേഷ് കുമാറിന് തിരിച്ചടി; ഗൂഢാലോചനക്കേസ് റദ്ദാക്കില്ല; നേരിട്ട് ഹാജരാകണം

insight kerala

സോളാര്‍ പീഡനക്കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ നേരിട്ട് ഹാജരാവുന്നത് ഒഴിവാക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യവും കോടതി തള്ളി. 

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ഗണേഷ് കുമാറിനെതിരെയുള്ള പരാതി. കത്തില്‍ പേജുകള്‍ എഴുതിച്ചേര്‍ത്തെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ക്കാനുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതി. തുടര്‍ന്ന് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി ഈ വിഷയത്തില്‍ കേസ് എടുക്കുകയും ഗണേഷ് കുമാറിനോടും പരാതിക്കാരിയോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഗണേഷ് കുമാര്‍ ഹാജരായിരുന്നില്ലെന്ന് മാത്രമല്ല കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട്  ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വാദം കേട്ടിരുന്നു. എന്നാല്‍ തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് ഗണേഷ് കോടതിയെ അറിയിച്ചത്. കത്ത് എഴുതിയും നേരെ കോടതിയില്‍ സബ്മിറ്റ് ചെയ്തതും പരാതിക്കാരി നേരിട്ടാണെന്നുമായിരുന്നു ഗണേഷിന്റെ വാദം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article